മനാമ: ബഹ്‌റൈനിൽ വെച്ച് മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് ഇപ്പോൾ തുടരുന്ന രീതി കാലതാമസം ഉണ്ടാക്കുന്നുവെന്നും, പ്രത്യേകിച്ചും ഒഴിവു ദിവസ്സങ്ങളിൽ ബന്ധുക്കൾ കാത്തിരിക്കേണ്ട അവസ്ഥയാണെന്നും, ഇതൊഴിവാക്കുവാൻ ഏക ജാലക സംവിധാനത്തിനായി അധികാരികളെ സമീപിച്ചിട്ടുണ്ടെന്നും, പൊതു സമൂഹവും വിവിധ സംഘടനാ – സാമൂഹിക നേതാക്കളും ഇത് ഏറ്റെടുക്കണമെന്നും സാമൂഹിക പ്രവർത്തകനായ കെ.ടി. സലിം അഭ്യർത്ഥിച്ചു.
ഇപ്പോൾ ഒരു പ്രവാസി ബഹ്‌റൈനിൽ നിര്യാതനായാൽ മോർച്ചറിയിൽ നിന്നും ലഭിക്കുന്ന കോസ് ഓഫ് ഡെത്ത് പേപ്പറുമായി ബർത്ത് ആൻഡ് ഡെത്ത് വിഭാഗത്തിൽ നിന്നും ഡെത്ത് സർട്ടിഫിക്കറ്റ് , പിന്നീട് എംബസ്സിയിൽ നിന്നുള്ള രേഖകൾ, മിനിസ്ട്രി ഓഫ് ഫോറിൻ അഫേഴ്‌സ് , സി.ഐ.ഡി. നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റുകൾ എന്നിവക്കായി പലയിടങ്ങളിലും കയറി ഇറങ്ങേണ്ട അവസ്ഥ ഒഴിവാക്കി, ഏക ജാലക സംവിധാനത്തിൽ ഒരു ഓഫീസിൽ മാത്രം രേഖകൾ സമർപ്പിക്കുവാൻ സാധിക്കും. പ്രവാസികളുടെ മരണ നിരക്ക് കൂടിവരുന്നതിനാലും, ഒഴിവ് ദിവസ്സനങ്ങളിൽ ഡെത്ത് സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം നേരിടുകയും ചെയ്യുന്നതിനാൽ ഈ ആവശ്യത്തിന് കൂടുതൽ പ്രസക്തി ഉണ്ട്. ഗൾഫിലെ മറ്റൊരു രാജ്യത്ത് ഏക ജാലക സംവിധാനം നടപ്പിലാക്കിയ കാര്യവും ഇത്തരുണത്തിൽ പ്രസക്തമാണ്. ഏക ജാലക സംവിധാനം നിലവിൽ വന്നാൽ വിവിധ ഓഫീസുകൾ കയറി ഇറങ്ങുന്നതിന് ഏജൻറ്റുമാരെ ഏൽപ്പിക്കുന്ന രീതി അവസാനിപ്പിക്കുവാനും കഴിയും.