‘പ്രതീക്ഷ’ കൈവിടാത്ത ആ മൂന്ന് പേർ ബഹ്റൈനിൽ നിന്നും മടങ്ങി, ‘ഹോപ് ബഹ്റൈൻ, ഗൾഫ് കിറ്റുമായി’

മനാമ: ഒട്ടേറെ പ്രതീക്ഷകളുമായി ഈ പവിഴദ്വീപിലേക്ക് കടന്നുവന്നവരിൽ ഹതഭാഗ്യരായ ഒരാളും വെറും കൈയോടെ മടങ്ങരുത് എന്ന ഉദ്ദേശത്തോടെ നാലര വർഷം മുമ്പ് രൂപീകൃതമായ ‘ഹോപ്പ് / പ്രതീക്ഷ ബഹ്റൈന്’ ഈ ആഴ്ചയിൽ മൂന്നുപേർക്കാണ് ‘പ്രതീക്ഷയുടെ ഗൾഫ് കിറ്റ്’ നൽകാനായത്. ഇതിൽ ഒരാൾ മലയാളിയും മറ്റു രണ്ടുപേർ ആന്ധ്രാ, രാജസ്ഥാൻ സ്വദേശികളുമാണ്. ആന്ധ്രാ സ്വദേശി ബഹ്റൈനിലേയ്ക്ക് എത്തിയിട്ട് ഒരുവർഷം മാത്രം പൂർത്തിയായപ്പോഴാണ് ടി.ബി ബാധിതനായി സൽമാനിയ ഹോസ്‌പിറ്റലിൽ അഡ്‌മിറ്റ്‌ ആവുന്നതും തുടർന്ന് ജന്മനാട്ടിലേക്ക് തിരിച്ച് പോകേണ്ടിയും വന്നത്. ഇദ്ദേഹത്തിന്റെ പിഞ്ചു കുഞ്ഞിനുള്ള സമ്മാനങ്ങൾ ഉൾപ്പടെയുള്ള സാധനങ്ങളടങ്ങിയ ബാഗും, സാമ്പത്തിക സഹായവും നൽകിയാണ് പ്രതീക്ഷയുടെ കൂട്ടുകാർ ഇദ്ദേഹത്തെ യാത്രയാക്കിയത്.

തുഛമായ വേതനത്തിൽ ജോലി ചെയ്ത് ജീവിതം കൂട്ടിമുട്ടിക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് രാജസ്ഥാൻ സ്വദേശിക്ക് ടി. ബി പിടിപെട്ട് സൽമാനിയയിൽ അഡ്‌മിറ്റ്‌ ആവുന്നത്. വെറും കൈയോടെ നാട്ടിലേയ്ക്ക് മടങ്ങേണ്ടി വന്ന ഇദ്ദേഹത്തിനും ഗൾഫ് കിറ്റ് നൽകിയാണ് ഹോപ്പ് പ്രവർത്തകർ യാത്രയാക്കിയത്. ഏതൊരു പ്രവാസിയും നാട്ടിലേയ്ക്ക് മടങ്ങുമ്പോൾ ഉറ്റവർക്കായി കരുതണമെന്നാഗ്രഹിക്കുന്ന സാധനങ്ങളും, യാത്രയ്ക്ക് ധരിക്കാനായുള്ള വസ്ത്രങ്ങളും അടങ്ങിയ ബാഗാണ് ഗൾഫ് കിറ്റായി നൽകി വരുന്നത്.

കഴിഞ്ഞ ദിവസം നാട്ടിലേയ്ക്ക് മടങ്ങേണ്ടി വന്ന തിരുവനന്തപുരം സ്വദേശി ഒരുപാട് പ്രതീക്ഷകളുമായാണ് ബഹ്റൈനിലേയ്ക്ക് കാല് കുത്തിയത്. എന്നാൽ ജോലിയിൽ പ്രവേശിച്ച ഉടൻ, വാഗ്‌ദാനം ചെയ്ത ശമ്പളം അകാരണമായി വെട്ടിക്കുറയ്ക്കുകയും പിന്നീട് തുശ്ചമായ ആ വേതനം പോലും കൃത്യമായി ലഭിക്കുന്നില്ലെന്ന അവസ്ഥ വന്നപ്പോഴാണ് അദ്ദേഹവും നാട്ടിലേയ്ക്ക് മടങ്ങാൻ നിർബന്ധിതനാവുന്നത്. അദ്ദേഹത്തിനും ‘ഗൾഫ് കിറ്റ്’ നൽകിയാണ് പ്രതീക്ഷ പ്രവർത്തകർ യാത്രയാക്കിയത്. നാട്ടിലെത്തുമ്പോൾ തങ്ങളെ കാത്തിരിക്കുന്ന മക്കൾക്കായി, മറ്റു കുടുംബാംഗങ്ങൾക്കായി എന്തെങ്കിലും കരുതണം, അത് സമ്മാനിക്കുമ്പോൾ, ആ പുഞ്ചിരിയിൽ സ്വന്തം പ്രശ്നങ്ങൾ തൽക്കാലത്തേക്കെങ്കിലും മറക്കണം എന്ന ഏതൊരു പ്രവാസിയുടെയും ആഗ്രഹം നിലനിൽക്കുന്നിടത്തോളം പ്രതീക്ഷ അതിനായുള്ള ശ്രമങ്ങൾ തുടരുന്നു.