ഫ്രൻ്റ്സ് സോഷ്യൽ ഏരിയ സമ്മേളനങ്ങൾക്ക് തുടക്കമായി; ‘ധാര്‍മിക ബോധമുള്ള തലമുറയുടെ സൃഷ്ടിക്കായി ശ്രമിക്കുക’- കെ.എ യൂസുഫ് ഉമരി

????????????????????????????????????

മനാമ: ധാര്‍മിക-സദാചാര ബോധമുള്ള തലമുറ പുരോഗതിയുടെയും വളര്‍ച്ചയുടെയും അടിസ്ഥാനമാണെന്ന് പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ കെ.എ യൂസുഫ് ഉമരി വ്യക്തമാക്കി. ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ മുഹറഖ് ഏരിയ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജാതിയുടെയും മതത്തിന്‍െറയും വര്‍ണത്തിന്‍െറയും വര്‍ഗത്തിന്‍െറയും അടിസ്ഥാനത്തില്‍ മനുഷ്യര്‍ക്കിടയില്‍ വിവേചനം കല്‍പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. മനുഷ്യ വര്‍ഗത്തെ ദൈവം ആദരിക്കുകയും ഉച്ചനീചത്വങ്ങള്‍ ഉണ്ടാവരുതെന്ന് ആജ്ഞാപിക്കുകയും ചെയ്യുന്നു. മാനവ സമൂഹം കാലങ്ങളായി അംഗീകരിച്ചു വരുന്ന ധാര്‍മിക മൂല്യങ്ങള്‍ കൈമോശം വന്നു കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ അത് തിരിച്ചു പിടിക്കേണ്ട സാമൂഹിക ബാധ്യത നിര്‍വഹിക്കേണ്ട ചുമതല വിശ്വാസി സമൂഹത്തിനുണ്ട്.

ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും അവര്‍ക്കിടയില്‍ വിവേചനം കല്‍പിക്കാന്‍ പാടില്ളെന്നുമാണ് വേദഗ്രന്ഥം പഠിപ്പിക്കുന്നത്. ജാതി വിവേചനവും സ്ത്രീ സമൂഹത്തോടുള്ള സമീപനവും വര്‍ണ വിവേചനവും ലോകത്ത് പല കുഴപ്പങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും കാരണമായിട്ടുണ്ട്. വംശ വെറിയുടെ ഇരകളായി പലരും ഇന്നും മാറിക്കൊണ്ടിരിക്കുന്നുണ്ട്. ഇതിനെതിരെ മാനവിക പക്ഷത്ത് നിലനില്‍ക്കാന്‍ ഉത്തരവാദിത്വമുള്ള സമൂഹത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഹറഖ് അല്‍ ഇസ് ലാഹ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനം പാര്‍ലമെന്‍റ് അംഗം യൂസുഫ് അഹ്മദ് ഹസന്‍ അല്‍തവാദി ഉദ്ഘാടനം ചെയ്തു. സഈദ് റമദാന്‍ നദ് വി പരിഭാഷ നിര്‍വഹിച്ചു. ഫ്രന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ജമാല്‍ ഇരിങ്ങല്‍ അധ്യക്ഷത വഹിച്ചു. വി. അബ്ദുല്‍ ജലീല്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ സമ്മേളന ജനറല്‍ കണ്‍വീനര്‍ കെ.എം മുഹമ്മദ് നന്ദി പ്രകാശിപ്പിച്ചു. യൂനുസ് സലീമിന്‍െറ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ റിയ നൗഷാദ്, നജ്ദ റഫീഖ്, അമല്‍ സുബൈര്‍ എന്നിവര്‍ ദേശീയ ഗാനാലപനം നടത്തി. സമ്മേളനത്തിന്‍െറ ഭാഗമായി നടത്തിയ മല്‍സരങ്ങളുടെ ഫലപ്രഖ്യാപനം നടത്തുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം നടത്തുകയും ചെയ്തു.