കെസിഎ ബഹ്‌റൈൻ ‘ഓണം പൊന്നോണം 2019’ സെപ്റ്റംബർ 5 മുതൽ; മുഖ്യാതിഥിയായി ശ്രീകുമാരൻ തമ്പി പങ്കെടുക്കും, 1000 തൊഴിലാളി സുഹൃത്തുക്കൾക്ക് ഓണസദ്യയൊരുക്കും

മനാമ: സുവർണ്ണജൂബിലിയുടെ നിറവിൽ നിൽക്കുന്ന കേരള കാത്തലിക് അസോസിയേഷൻ പുതുമയാർന്ന പരിപാടികളോടെ 15 ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷപരിപാടികൾ സെപ്റ്റംബർ 5 മുതൽ സംഘടിപ്പിക്കുമെന്ന് കെസിഎ പ്രസിഡണ്ട് ശ്രീ.സേവിമാത്തുണ്ണി, ജനറൽ സെക്രട്ടറി ശ്രീ.വർഗീസ് ജോസഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സെപ്റ്റംബർ 5 വ്യാഴാഴ്ചവൈകുന്നേരം 8 മണിയോടുകൂടി വർണ്ണശബളമായഘോഷയാത്രയോടെ ഓണാഘോഷപരിപാടികളുടെ ഉദ്ഘാടന ചടങ്ങ് കെസിഎയുടെ അങ്കണത്തിൽ നടക്കും. ഓണാഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ശ്രീ.ജോഷി വിതയത്തിൽ ജനറൽകൺവീനറായും, ജോസ്കെപി സ്‌പോൺസർഷിപ് കൺവീനറുമായുമുള്ള 50 അംഗങ്ങളുള്ള സംഘാടക സമിതിക്ക് രൂപം നൽകിയതായി കെസിഎ രക്ഷാധികാരിശ്രീ. പി പി ചാക്കുണ്ണി പറഞ്ഞു.

സെപ്റ്റംബർ മാസം പതിമൂന്നാം തീയതി ബഹറിൻ കേരളീയ സമാജം ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഓണം മഹാസദ്യയിൽ കെസിഎ കുടുംബാംഗങ്ങൾക്കൊപ്പം ഗോൾഡൻ ജൂബിലി പ്രമാണിച്ച് കെസിഎ ചാരിറ്റിവിങ്ങിൻറെ നേതൃത്വത്തിൽ ബഹ്റൈനിലെ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള ആയിരത്തിലധികം തൊഴിലാളി സുഹൃത്തുക്കൾക്ക് സൗജന്യമായി ഓണസദ്യ ഒരുക്കുമെന്ന് ചാരിറ്റി കമ്മിറ്റി കൺവീനർ ശ്രീ. ഫ്രാൻസിസ് കൈതാരത്ത്, കോർകമ്മറ്റി ചെയർമാൻ ശ്രീ. വർഗീസ്കാരയ്ക്കൽ എന്നിവർ പറഞ്ഞു.

സെപ്റ്റംബർ 6 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പൂക്കളമത്സരം, അന്നേ ദിവസം 4.30ന് ബഹ്റൈനിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന വടംവലി മത്സരം എന്നിവ ഉണ്ടായിരിക്കുന്നതാണ്. സെപ്റ്റംബർ ഏഴിന് വൈകിട്ട് 8 മണിക്ക് പായസമത്സരം, സെപ്റ്റംബർ 9ന് ഗാനമേള, സെപ്റ്റംബർ 10, 17 തീയതി അംഗങ്ങൾക്കായി ഉള്ള വിവിധ കായിക മത്സരങ്ങൾ, സെപ്റ്റംബർ 14-ന് വൈകിട്ട് 7.30 മണിക്ക് കെസിഎ സ്വരലയ മ്യൂസിക്ക് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഓണപ്പാട്ട് മത്സരം എന്നിവ ഉണ്ടായിരിക്കും. സെപ്റ്റംബർ 19 വ്യാഴാഴ്ച കെസിഎ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ഓണക്കാഴ്ചയും ഉണ്ടായിരിക്കും.

സെപ്റ്റംബർ 20ആം തീയതി വെള്ളിയാഴ്ച കെസിഎ അങ്കണത്തിൽവച്ച് ഓണാഘോഷങ്ങളുടെ സമാപനവും സുവർണ ജൂബിലിയോടനുബന്ധിച്ചു നടത്തിയ കെസിഎ മാഗ്നം ഇമ്പ്രിന്റ് സർഗോത്സവ് മത്സരങ്ങളുടെ സമ്മാനദാനവും നടക്കുന്ന ചടങ്ങിൽ മലയാളസാഹിത്യ -ചലച്ചിത്ര- ടെലിവിഷൻ മേഖലകളിലെ പ്രശസ്തനായ ശ്രീകുമാരൻ തമ്പി മുഖ്യാതിഥിയായിപങ്കെടുക്കും എന്ന് ഓണം ജനറൽ കൺവീനർ ശ്രീ. ജോഷി വിതയത്തിൽ, സർഗോത്സവ് ജനറൽ കൺവീനർ ശ്രീ. ഷിജുജോൺ എന്നിവർ അറിയിച്ചു.

പൂക്കളമത്സരം, വടംവലിമത്സരം, പായസമത്സരം, ഓണപ്പാട്ട്മത്സരം എന്നിവയിൽ ബഹ്റൈനിലെ എല്ലാവര്ക്കും പങ്കെടുക്കാവുന്നതാണ്. വിജയികൾക്ക് ക്യാഷ്പ്രൈസും ട്രോഫികളും നൽകുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ ആഗസ്റ്റ് 31നു മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനും താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. പൂക്കളമത്സരം (മനോജ് മാത്യു 32092644), വടംവലിമത്സരം (അജി പി ജോയ് 39156283), പായസ മത്സരം (വിനുക്രിസ്റ്റി 36446223), ഓണപ്പാട്ട്മത്സരം (റോയ്സിആൻറ്റണി 39681102), ഓണക്കളികൾ/ കായിക മത്സരങ്ങൾ (ക്രിസ്റ്റോജോസഫ് 36192515), ജനറൽകൺവീനർ (37373466).