ദുബായ്: ദുബായ്-ഷാര്‍ജ ഗതാഗതകുരുക്കിന് ആശ്വാസമായി ഫെറി സർവീസ് ആരംഭിച്ചു. ദുബായിൽ നിന്ന് ഷാർജയിലേക്ക് ദിവസവും 42 സര്‍വീസുകള്‍ ഉണ്ടാകുമെന്ന് ആര്‍ടിഎ അറിയിച്ചു. ഫെറിയുടെ സിൽവർ ക്ലാസ്സിന് 15 ദിർഹവും ഗോൾഡ് ക്ലാസ്സിന് 25 ദിർഹവുമാണ് യാത്രനിരക്ക്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കു യാത്ര സൗജന്യമാണ്. ഒരേ സമയം 125 പേർക്ക് ഒരുമിച്ച് യാത്ര ചെയ്യാനുള്ള സൗകര്യം ഫെറിയിൽ ഉണ്ടാകും. ദുബായിലെ അല്‍ ഗുബൈബ സ്‌റ്റേഷനില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ഷാര്‍ജ അക്വാറിയം മറൈന്‍ സ്‌റ്റേഷനിലാണ് അവസാനിക്കുക. മൊത്തം യാത്ര സമയം 35 മിനുട്ടാണ്. ദുബായ്-ഷാര്‍ജ ഗതാഗത തിരക്ക് കുറയ്ക്കാൻ പുതിയ ഫെറി സർവീസ് കൊണ്ട് സാധിക്കുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. ഫെറി സർവീസ് ഷാർജയിൽ നിന്ന് പുലർച്ചെ 5 മണിക്കും ദുബായിൽ നിന്നും 5:15 നും ആരംഭിക്കും. രാവിലെയും വൈകീട്ടും തിരക്കുള്ള സമയങ്ങളിൽ ഓരോ 30 മിനുട്ടിലും സർവീസ് ഉണ്ടായിരിക്കും.