റിയാദ്: സൗദിയിൽ സ്ത്രീകള്‍ക്ക് തുല്യ അവകാശം നല്‍കുന്ന പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. സ്ത്രീകള്‍ക്കും പുരുഷന്മാർക്കും തൊഴിൽ രംഗത്ത് തുല്യ പ്രധാന്യം നൽകാൻ തീരുമാനിച്ചതായി സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. എല്ലാ സ്ഥാപനത്തിലെയും ഉടമകൾ സ്ത്രീ ജീവനക്കാരെയും പുരുഷ ജീവനക്കാരെയും ഒരുപോലെ കാണണം. പുതിയ തൊഴിൽ നിയമനങ്ങൾ നടത്തുമ്പോൾ ഈ തുല്യത പാലിക്കണം. അതോടൊപ്പം സ്ത്രീകളുടെയും പുരുഷന്മാരുടെയും വിരമിക്കല്‍ പ്രായം ഏകീകരിച്ചിട്ടുണ്ട്. നേരത്തെ സ്ത്രീകള്‍ക്ക് 55 വയസും പുരുഷന്മാര്‍ക്ക് 60 വയസുമായിരുന്നു വിരമിക്കല്‍ പ്രായം. പ്രസവ അവധിക്ക് പോകുന്ന സ്ത്രീ ജീവനക്കാരെ തൊഴിലുടമകള്‍ പിരിച്ചുവിടാനോ പിരിച്ചുവിടല്‍ നോട്ടീസുകള്‍ നല്‍കാനോ പാടില്ല. പ്രായം, ലിംഗവ്യത്യാസം തുടങ്ങിയവയുടെ പേരില്‍ യാതൊരു തരത്തിലുമുള്ള വിവേചനങ്ങൾ സ്ഥാപനങ്ങളിൽ ഉണ്ടാകാൻ പാടില്ലെന്നും പുതിയ നിയമം അനുശാസിക്കുന്നു.