സംസ്കൃതി ബഹ്‌റൈൻ ‘സമ്യക് പ്രബോധൻ’ ചർച്ചാ സദസ്സ് ആരംഭിച്ചു

മനാമ: സംസ്കൃതി ബഹ്‌റൈൻ ‘സമ്യക് പ്രബോധൻ’ എന്ന പേരിൽ സമകാലിക വിഷയങ്ങളെ ആധാരമാക്കി ചർച്ചാ സദസ്സ് ആരംഭിച്ചു. പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ‘കേരളം പ്രവാസിക്ക് മരണകുരുക്കോ’ എന്ന വിഷയത്തെ അധികരിച്ച് രാജേഷ് നമ്പ്യാർ, നിതിൻ രാജ്, അജിത് മാത്തൂർ, ലിജേഷ് എന്നിവർ സംസാരിച്ചു. ആധുനിക കേരളത്തിന്റെ സമ്പദ് വ്യവസ്ഥ രൂപീകരിക്കുന്നതിൽ ഗണ്യമായ പങ്കുവഹിച്ച പ്രവാസി സമൂഹം പലപ്പോഴും ജന്മനാട്ടിൽ ഒറ്റപ്പെട്ട് മരണം വരിക്കുന്ന കാഴ്ചകളാണ് സാജന്റെയും സുഗതന്റേയും മരണമടക്കമുള്ള സമകാലിക സംഭവങ്ങൾ സൂചിപ്പിക്കുന്നത് എന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സെക്രട്ടറി പ്രവീൺ നായർ സ്വാഗതവും അജി കുമാർ നന്ദിയും പറഞ്ഞു. ബാലചന്ദ്രൻ കൊന്നക്കാട് മോഡറേറ്ററായിരുന്നു.