പ്രശസ്തിക്കുവേണ്ടി ഇൻസ്റ്റാഗ്രാമിൽ മോശമായ വീഡിയോ പോസ്റ്റ് ചെയ്ത ബഹ്‌റൈനി മോഡൽ അറസ്റ്റിൽ

മനാമ: പ്രശസ്തിക്കുവേണ്ടി സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ മോശമായ വീഡിയോ പോസ്റ്റ് ചെയ്ത ബഹ്‌റൈനി നടിയും മോഡലുമായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുപ്പത് വയസുള്ള യുവതിയെ ഇന്നലെ പബ്ലിക് പ്രോസിക്യൂഷന് മുൻപിൽ ഹാജരാക്കി. അനാശാസ്യം, ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ ദുരുപയോഗം ചെയ്തു എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏഴു ദിവസത്തേക്ക് റിമാൻഡ് ചെയ്ത യുവതി ഓഗസ്റ്റ് 14 ന് വിചാരണ നേരിടും.

ബഹ്‌റൈനി യുവതി സോഷ്യൽ മീഡിയയിൽ മോശം വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് പബ്ലിക് പ്രോസിക്യൂഷന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റിൽ (സിഐഡി) നിന്നാണ് അറിയിപ്പ് ലഭിച്ചതെന്ന് ക്യാപിറ്റൽ ഗവർണറേറ്റ് പ്രോസിക്യൂട്ടർ അഹമ്മദ് അൽ അൻസാരി ഇന്നലെ പ്രസ്താവനയിൽ പറഞ്ഞു. തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ പ്രതിയെ ചോദ്യം ചെയ്യുകയും വീഡിയോകളുടെ തെളിവുകൾ കണ്ടെത്തുകയും ചെയ്തു. പൊതു ധാർമ്മികത സംരക്ഷിക്കുന്നതിനായി ഇത്തരം വീഡിയോകൾ പങ്കിടരുതെന്നും അത്തരം കുറ്റകൃത്യങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ കണ്ടുകെട്ടുന്നതായിരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.