18 മാസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റിൽ നിന്ന് 12 കാന്തിക മുത്തുകൾ അടിയന്തിര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മനാമ: പിഞ്ചുകുഞ്ഞ് വിഴുങ്ങിയ 12 കാന്തിക മുത്തുകൾ അടിയന്തര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുത്ത് വിഴുങ്ങിയ 18 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിന്റെ പെഡ്രിയാറ്റിക് വിഭാഗത്തിലേക്ക് കൊണ്ടുവരികയായിരുന്നു. തുടർന്ന് ആശുപത്രിയിലെ ഗ്യാസ്‌ട്രോഎന്ററോളജി, ഹെപ്പറ്റോളജി കൺസൾറ്റൻറ് ഡോ. ഹസ്സൻ അൽ ഫറജിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തുകയും വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു. കുട്ടികളുടെ കളിപ്പാട്ടങ്ങളിലെ ഏറ്റവും അപകടകരമായ മുത്തുകളാണ് കുഞ്ഞ് വിഴുങ്ങിയത്. ഇത്തരം മുത്തുകൾ തടസ്സങ്ങൾ ഉണ്ടാക്കുകയും കുടലിന്റെ ഒരു ഭാഗം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയിൽ വരെ എത്തുന്നതായി ഡോക്ടർ പറഞ്ഞു. സമാനമായ നാല് കേസുകൾ ആശുപത്രിയിൽ ലഭിച്ചിട്ടുണ്ടെന്നും അതിൽ രണ്ടെണ്ണം ശസ്ത്രക്രിയാ ഇടപെടൽ ആവശ്യമായി വന്നിട്ടുണ്ടെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.