വയനാട്: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് തുറക്കും. ഒരു സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളം (8.5 ക്യുമെക്‌സ്) എന്ന നിലയിലായിരിക്കും തുറക്കുന്നത്. രാവിലെ എട്ടുമണിയോടെ കളക്ടറുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനമായത്. ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ബാണാസുര സാഗറിന്റെ ജലനിർഗ്ഗമന പാതയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഷട്ടറുകൾ തുറക്കുന്നതിനെത്തുടർന്ന് കോട്ടത്തറ, പടിഞ്ഞാറത്തറ, പനമരം പഞ്ചായത്തുകളിൽ ജാഗ്രത നിർദ്ദേശമുണ്ട്. 10 സെന്റീമീറ്റർ വീതം നാല് ഷട്ടറുകൾ ഘട്ടം ഘട്ടമായാണ് തുറക്കുക.