കനത്ത മഴയിൽ വലയുന്ന ജനങ്ങൾക്ക് ആശ്വാസമേകാന്‍ രാഹുല്‍ഗാന്ധി നാളെ കേരളത്തിലെത്തും

വയനാട്: കനത്ത മഴയിൽ വലയുന്ന ജനങ്ങൾക്ക് ആശ്വാസമേകാന്‍ വയനാട് എംപി രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും. പ്രളയദുരിതം നേരിടുന്ന മലപ്പുറം, വയനാട് ജില്ലകളിൽ രാഹുൽ സന്ദർശനം നടത്തും. നാളെ വൈകുന്നേരത്തോടെ രാഹുൽ ഗാന്ധി കോഴിക്കോട് എത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. നാളെ മലപ്പുറം കളക്ട്രേറ്റിൽ നടക്കുന്ന പ്രളയ അവലോകന യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് തിങ്കളാഴ്ചയാകും വനയാട്ടിലെത്തുക. കേരളത്തിലെയും പ്രത്യേകിച്ച് വയനാട്ടിലെ അടിയന്തര സഹായങ്ങൾക്കായി രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. കാലവര്‍ഷക്കെടുതി നേരിടാന്‍ കേരള സര്‍ക്കാരിനു വേണ്ട എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പും നൽകിയതായി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. നേരത്തെ തന്നെ കേരളത്തിലെത്താൻ രാഹുൽ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും രക്ഷപ്രവർത്തനങ്ങൾക്ക് തടസ്സമാകുമെന്ന റിപ്പോർട്ടിനെ തുടർന്ന് സന്ദർശനം മാറ്റിവെക്കുകയായിരുന്നു.