നിഖാബ് ധരിച്ചെത്തുന്ന ബഹ്റൈനി സ്ത്രീകൾക്ക് ജോലി നിഷേധിക്കുന്നതായി പരാതി

മനാമ: നിഖാബ് ധരിച്ചെത്തുന്ന ബഹ്റൈനി സ്ത്രീകൾക്ക് ജോലി നിഷേധിക്കുന്നതായി പരാതി.
ബഹ്‌റൈനി സ്ത്രീകൾ മുഖം മറയ്ക്കുന്നതിനെ തൊഴിലുടമകൾ അന്യായമായി പരിഗണിക്കുന്നതായി എംപി അവകാശപ്പെട്ടു. മുഖം മറയ്ക്കുന്ന തുണി അഴിക്കാൻ വിസമ്മതിച്ചതിന് നിരവധി സ്ത്രീ തൊഴിലന്വേഷകരെ തൊഴിലുടമകൾ നിരസിച്ചതായി പാർലമെന്റ് വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി ചെയർമാൻ മുഹമ്മദ് അൽ സിസി പറഞ്ഞു. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഡ്രൈവിലൂടെ നൂറുകണക്കിന് ബഹ്‌റൈൻ സ്ത്രീകളെ കാഷ്യർമാർ, സെയിൽസ് വുമൺ, റിസപ്ഷനിസ്റ്റ്, കോൾ ഓപ്പറേറ്റർമാർ എന്നിങ്ങനെ കഴിഞ്ഞ മാസം ജോലിയിൽ പ്രവേശിപ്പിച്ചിരുന്നു. ബഹ്‌റൈൻ ഒരു മുസ്‌ലിം രാജ്യമാണ്, മുഖം മറയ്ക്കുന്നതിനുള്ള സ്ത്രീയുടെ അവകാശം അവളുടെ മതവിശ്വാസങ്ങൾ ആചരിക്കാനുള്ള അവകാശത്തിന്റെ ഭാഗമായി മാനിക്കപ്പെടണം, അൽ സിസി പറഞ്ഞു. ഒരു സ്ത്രീയെ അവളുടെ നിഖാബ് നീക്കാൻ നിർബന്ധിക്കാൻ ഒരു തൊഴിലുടമയ്ക്കും അവകാശമില്ല അദ്ദേഹം കൂട്ടിച്ചേർത്തു.

ജിസിസിയിലും അറബ് ലോകത്തെമ്പാടുമുള്ള നിരവധി ജോലികളിൽ മുഖം മറയ്ക്കുന്നത് സാധാരണവും സ്വീകാര്യവുമാണ്. പ്രശ്‌നം പരിഹരിക്കുന്നതിനായി മന്ത്രാലയവുമായി അടിയന്തര ചർച്ച നടത്തേണ്ടത് അത്യാവശ്യമാണ്. പണം ആവശ്യമാണെങ്കിലും ജോലിസ്ഥലത്ത് മുഖം മറയ്ക്കാൻ തൊഴിലുടമകൾ സമ്മതിക്കാത്തത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് സ്ത്രീകൾ പറഞ്ഞു. സ്ഥിതിഗതികൾ മനസിലാക്കാനും അത് പരിഹരിക്കുന്നതിനായി പ്രവർത്തിക്കാനും ഞങ്ങൾ മന്ത്രാലയ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അൽ സിസി പറഞ്ഞു. പരാതികൾ വിശദമായി അന്വേഷിക്കുമെന്നും വനിതാ തൊഴിലന്വേഷകരെ മുഖം മറയ്ക്കുന്നത് കാരണം നിരസിക്കുന്ന തൊഴിലുടമകൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അണ്ടർ സെക്രട്ടറി സബ അൽ ഡോസാരി പറഞ്ഞു. ബഹ്‌റൈൻ ഒരു ഇസ്ലാമിക രാജ്യമാണ്, നിഖാബ് മാന്യമായ വസ്ത്രത്തിന്റെ ഭാഗമാണ്. അതിനാൽ സ്ത്രീകളെ നിരസിക്കുകയോ ജോലിയിൽ നിന്ന് പിരിച്ചുവിടുകയോ ചെയ്യുന്നത് നീതീകരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.