മനാമ: എണ്ണ ചോർച്ചയെ തുടർന്ന് ഇന്നലെ വൈകുന്നേരം താൽക്കാലികമായി അടച്ചിരുന്ന ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് വിമാനത്തിൽ നിന്ന് എണ്ണ ചോർച്ച ഉണ്ടായത്. ഇതേതുടർന്ന് വിമാനത്താവളം റൺവേ താൽക്കാലികമായി അടയ്ക്കുകയും ആറ് വിമാനങ്ങൾ അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിടുകയും ചെയ്തു. ഒരു മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിച്ച് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻകരുതൽ നടപടിയായി വൈകുന്നേരം 4.27 ന് ആരംഭിച്ച് ഒരു മണിക്കൂറോളം റൺവേ അടച്ചിരുന്നു. അഞ്ച് വിമാനങ്ങൾ ദമ്മാം വിമാനത്താവളത്തിലേക്കും മറ്റൊന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുവിട്ടു. റൺവേയിൽ നിന്ന് ചോർന്ന എണ്ണ നീക്കം ചെയ്യാനും സുരക്ഷിതമായി വിമാനം ലാൻഡിംഗും ടേക്ക് ഓഫും ഉറപ്പാക്കാനും ആവശ്യമായ എല്ലാ നടപടികളും അധികൃതർ സ്വീകരിച്ചു.