മനാമ: കേരളത്തിലുണ്ടായ ഏറ്റവും വലിയ മണ്ണിടിച്ചിലുകളിൽ ഒന്നായിരുന്നു വയനാട് ജില്ലയിലെ മേപ്പാടിക്കടുത്ത പുത്തുമലയിലേത്. ഒരു ഗ്രാമം ഒന്നാകെ കുത്തിയൊലിച്ച് ഇല്ലാതായപ്പോൾ വരുന്ന വാർത്തകളിലൊക്കെയും തന്റെ ഉറ്റവരും ഉടയവരുമായ കുടുംബക്കാരുടെയും കൂട്ടുകാരുടെയും നാട്ടുകാരുടെയും മുഖങ്ങൾ കാണുന്ന വേദനയിലാണ് ബഹ്റൈൻ പ്രവാസിയായ സജീവ് കുമാർ.
പ്രായമായ അമ്മയും, ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബവും തന്റെ വീട്ടിൽ നിന്ന് ഏറെ അകലെയല്ലാത്ത സഹോദരിയുടെ കുടുംബവും ദുരന്തമുഖത്ത് നിന്നും ഓടി രക്ഷപ്പെട്ട് ജീവൻ ബാക്കിയായതിന്റെ ആശ്വാസം മാത്രമാണിപ്പോൾ സജീവ് കുമാറിന് കൂട്ടിനുള്ളത്. എല്ലാവരും സുരക്ഷിതരായി ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം പ്രാപിച്ചതിനു ശേഷവും ഭീതി വിട്ടുമാറിയിട്ടില്ലാത്ത കുടുംബത്തെ കുറിച്ചുള്ള ആധിയായിരുന്നു ചെറുപ്പക്കാരന്റെ കണ്ണുകളിൽ. മരണപ്പെട്ടവരുടെയും കാണാതായവരുടെയും എണ്ണക്കണക്കുകൾ മാത്രം മാധ്യമങ്ങളിലൂടെ പുറത്ത് വരുമ്പോൾ അത് തന്റെ വീടിന്റെ ഈ ഭാഗത്തുള്ള ആളാണെന്ന് പേരെടുത്ത് പറഞ്ഞു ഓർമകൾ അയവിറക്കി പോകുന്നുണ്ടായിരുന്നു സജീവ്. നാടുമായുള്ള ആത്മബന്ധത്താൽ ഒരു പ്രവാസ ജീവിതം ആഗ്രഹിച്ചിട്ടില്ലാത്ത സാധാരണ മലയാളി, ജീവിതം പച്ച പിടിപ്പിക്കാൻ കടൽ കടക്കേണ്ടി വന്ന കുടുംബനാഥൻ, മനസ് പിടി വിടുന്ന അവസ്ഥയിലും ‘പുത്തുമലയെ’ കുറിച്ച് പറയുമ്പോൾ തന്നെ വാചാലനായി പോകുന്നുണ്ടായിരുന്നു സജീവിന് ബഹ്റൈൻ വാർത്തയോട് സംസാരിക്കുമ്പോൾ.
കഴിഞ്ഞ ഒരു വർഷത്തോളമായി ബഹ്റൈൻ, സൽമാബാദിലെ ഒരു സ്വകാര്യ കമ്പനിയിൽ തൊഴിലാളിയാണ് സജീവ് കുമാർ. മഴ കനക്കുന്ന അവസ്ഥയിൽ തന്നെ വീട്ടിലേക്ക് വിളിച്ച് കുഞ്ഞുങ്ങളെ ഭാര്യവീട്ടിൽ ആക്കാൻ പറഞ്ഞിരുന്നു. ശേഷം അമ്മയും ഭാര്യയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ശക്തമായ മഴയിൽ വീടിനടുത്തുള്ള പാലം തകർന്ന അവസ്ഥയിൽ പ്രദേശവാസികൾക്ക് കിട്ടിയ മുന്നറിയിപ്പിൽ ദുരന്തം നടന്ന വെള്ളിയാഴ്ച രാവിലെയാണ് അവരും ക്യാമ്പുകളിലോട്ട് മാറിയത്. ഒരു അപകടം നടന്നാൽ തന്നെ വെള്ളം ചെന്നെത്തില്ലെന്ന് കരുതിയ പ്രദേശത്തായിരുന്നു സജീവിന്റെ സഹോദരിയുടെ വീട്. എന്നാൽ പ്രതീക്ഷിക്കാതെത്തിയ മണ്ണിടിച്ചിലിന്റെ തീവ്രത വളരെ വലുതായിരുന്നതിനാൽ സഹോദരിയുടെ കുടുംബത്തിനും ഓടി രക്ഷപ്പെടേണ്ടി വന്നതായി സജീവ് പറഞ്ഞു. രണ്ട് മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെയും എടുത്ത് സഹോദരിയുടെ മകൾ ഭീതിയുടെ ദുരിതക്കയം താണ്ടിയ വാർത്തകൾ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.
വീഡിയോ: സജീവിന്റെ കുടുംബാംഗങ്ങൾ ക്യാമ്പിൽ (കടപ്പാട്: മാതൃഭൂമി ന്യൂസ്)
പിന്നീട് അറിയുന്നത് തന്റെ നാട് തന്നെ ഇല്ലാതായ അവസ്ഥയാണ്. സുരക്ഷിത സ്ഥാനങ്ങളെന്ന് കരുതി നിസ്കാര ശേഷം പള്ളികളിലും മറ്റും അഭയം പ്രാപിച്ചവരും ക്യാമ്പുകളിൽ നിന്ന് തങ്ങളുടെ വീട്ടിലുണ്ടായിരുന്ന വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകാനും സുരക്ഷിതരാക്കാനും മടങ്ങിയവരാണ് അപകടത്തിൽ പെട്ടതെന്നും സജീവ് വേദനയോടെ കൂട്ടിച്ചേർത്തു.
പുത്തുമലയുടെ ഓരോ സ്പന്ദനവും സജീവിന്റെ ഉള്ളിൽ അലിഞ്ഞു ചേർന്നിട്ടുണ്ടെന്ന് വാക്കുകളിൽ വ്യക്തമായിരുന്നു. ജനിച്ചു വളർന്ന നാട്, തോട്ടം തൊഴിലാളികളായ കുടുംബങ്ങൾ, അവിടെ നിന്നും പഠിച്ച് വളർന്ന് പുറം ലോകത്തേക്ക് ജീവിത സാഹചര്യങ്ങൾ ഉയർത്താനായി സ്വപ്നം കണ്ട് യാത്രയായ പുതുതലമുറ. പലരും നല്ലൊരു വീട് വച്ചത് പോലും ഏറെ നാൾ തോട്ടം തൊഴിലാളികളായ് നിന്ന് സമ്പാദിച്ചതിൽ നിന്നും ഗൾഫിലും മറ്റും പോയി വന്നാണ്.
ജീവിതത്തിന്റെ ഓർമകളിൽ ഇതിന് മുൻപ് അവിടെ ഒരു ദുരന്തം ഉണ്ടായിട്ടില്ല, വരുന്നവർക്കെല്ലാം നാടിനെ കുറിച്ചും പ്രകൃതി രമണീയതയെ കുറിച്ചും നൂറു നാവായിരുന്നു, ഇതിലും ശക്തമായി മഴയുള്ള കാലവുമുണ്ടായിരുന്നെന്ന് സജീവ് ഓർക്കുന്നു. പക്ഷെ ഇന്ന് ഇത് സംഭവിക്കാൻ കാരണം ആ പ്രദേശങ്ങളിലുണ്ടായ വ്യാപക മരം വെട്ട് തന്നെയാണെന്നാണ് സജീവ് തീർത്ത് പറയുന്നത്. ഗൾഫിലേക്ക് വരുന്നതിന് മുൻപ് ഈ മരംവെട്ട് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ഇത് അപകടമാണെന്ന് താനും അനിയനും പല തവണ പോയി പറഞ്ഞിരുന്നെന്നും സജീവ് പറഞ്ഞു.
“അതിന്റെ പ്രത്യാഘാതമാവും ഇത്, മരം വെട്ടുകാരോ, സ്ഥലം ഉടമകളോ, റിസോർട്ട് പണിയുന്നവരോ ഒന്നും ആ പ്രദേശവാസികളല്ലല്ലോ, എന്തായാലും വീട് പോയിട്ട് നാട് പോലും ഇപ്പോൾ ബാക്കിയില്ല, ഇനിയെന്താണ് ചെയ്യേണ്ടതെന്ന് ഒരു പിടിയുമില്ല” അതിജീവനത്തിന്റെയും മനസ് ദൃഢമാക്കിയതിന്റെയും ദീർഘ നിശ്വാസമായിരുന്നു സജീവിന്.
അഭിമുഖം പൂർണമായും കാണാം.. :
https://www.facebook.com/2070756719867022/posts/2454291584846865/
ചിത്രങ്ങൾക്ക് കടപ്പാട്