മനാമ: ബഹ്‌റൈൻ പ്രതിഭ ഗുദൈബിയ സഖാവ് പി കൃഷ്ണപിള്ള അനുസ്മരണം പ്രതിഭ ഓഫീസിൽ വെച്ചു നടത്തി. പ്രസ്തുത യോഗത്തിൽ യൂണിറ്റ് സെക്രട്ടറി അഡ്വ. ജോയ് വെട്ടിയാടൻ സ്വാഗതവും പ്രസിഡണ്ട് റാം അദ്ധ്യക്ഷനുമായിരുന്നു. പ്രതിഭ ജോ. സെക്രട്ടറി ലിവിൻ കുമാർ പി.കൃഷ്ണപിള്ള അനുസ്മരണ പ്രഭാഷണം നടത്തി. മനുഷ്യനെ പുഴുക്കൾക്ക് തുല്യം കരുതിയിരുന്ന അവസ്ഥയിൽ നിന്ന് സ്വന്തം കാലിൽ നിൽക്കാൻ ശക്തി നൽകിയ സാഹചര്യങ്ങളിലേക്ക് സമൂഹത്തെ മാറ്റുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച, നേതാക്കളിൽ നേതാവായിരുന്നു കൃഷ്ണപിള്ളയെന്ന് അനുസ്മരണ പ്രഭാഷണത്തിൽ ചൂണ്ടികാട്ടി. തുടർന്ന് പ്രതിഭ വൈ. പ്രസിഡണ്ട് പി. ശ്രീജിത്ത് സംസാരിച്ചു. ആനുകാലിക രാഷ്ട്രീയത്തെ കുറിച്ച് പ്രതിഭ മുതിർന്ന നേതാവ് സി.വി. നാരയണൻ വിശദമായി സംസാരിച്ചു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി മത നിരപേക്ഷതയിലാണെന്ന് അദ്ദേഹം ചൂണ്ടി കാട്ടി. രാജ്യത്തിന്റെ ഭരണഘടന പോലും തിരുത്തിയെഴുതാൻ മടിക്കാത്ത ഒരു ഭരണ സംവിധാനത്തിന്റെ ആശങ്കയിലാണ് രാജ്യമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഭ ഗുദേബിയ യൂനിറ്റ് കമ്മറ്റി അംഗങ്ങൾ നേതൃത്വം നൽകി.