ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ ‘സന്തുഷ്ട കുടുംബം സുരക്ഷിത സമൂഹം’ കാമ്പയിെൻറ ഭാഗമായി മനാമ ഏരിയ കുടുംബ സംഗമം സംഘടിപ്പിച്ചു

മനാമ: ‘സന്തുഷ്ട കുടുംബം സുരക്ഷിത സമൂഹം’ എന്ന പ്രമേയവുമായി ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ നടത്തിക്കൊണ്ടിരിക്കുന്ന കാമ്പയിെൻറ ഭാഗമായി മനാമ ഏരിയ സംഘടിപ്പിച്ച കുടുംബ സംഗമം അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ അഡ്വ. മാധവന്‍ കല്ലത്ത് ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ ശാന്തിയും സമാധാനവും സാധ്യമാകുന്നത് കുടുംബത്തിെൻറ കെട്ടുറപ്പ് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളെ ശരിയായ വിധത്തില്‍ വളര്‍ത്തുകയും അവരെ ധര്‍മനിഷ്ടയുള്ളവരാക്കുകയും ചെയ്യേണ്ടത് മാതാപിതാക്കളുടെ ബാധ്യതയാണ്.

സമൂഹത്തില്‍ കാണപ്പെടുന്ന അധാര്‍മിക പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുടക്കമാകട്ടെ ഈ കാമ്പയിനെന്നും അദ്ദേഹം ആശംസിച്ചു. ഫ്രൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് ജമാല്‍ ഇരിങ്ങല്‍ കാമ്പയിന്‍ പ്രമേയം വിശദീകരിച്ചു. ബഹ്റൈനില്‍ അടുത്ത കാലത്ത് വര്‍ധിച്ചു വരുന്ന ആത്മഹത്യകള്‍, ഹൃദയാഘാത മരണങ്ങള്‍, കുട്ടികളിലടക്കം വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം എന്നിവയെക്കുറിച്ചുള്ള ബോധവത്ക്കരണമാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. സിഞ്ചിലെ ഫ്രൻറ്സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഏരിയ പ്രസിഡൻറ് അബ്ബാസ് മലയില്‍ അധ്യക്ഷത വഹിച്ചു. നൗമല്‍ റഹ്മാന്‍ സ്വാഗതവും ശമീം ജൗദര്‍ നന്ദിയും പറഞ്ഞു.