മനാമ: രണ്ടു ദിവസത്തെ യുഎഇ സന്ദർശനത്തിന് ശേഷം ഓഗസ്റ്റ് 24ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബഹ്റൈൻ സന്ദർശിക്കും. വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 23-24 തിയതികളിൽ യുഎഇയിലും 24-25 തിയതികളിൽ ബഹ്റൈനിലുമായിരിക്കും സന്ദർശനം. യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ സായിദ് മെഡല്‍ സ്വീകരിക്കുന്ന അദ്ദേഹം അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനുമായി കൂടിക്കാഴ്ച നടത്തും.
ഈ മാസം 22 മുതല്‍ 26 വരെ പ്രധാനമന്ത്രി വിദേശ സന്ദര്‍ശനത്തിലായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. 24 മുതല്‍ 26 വരെ ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും. ഇതിന് മുന്നോടിയായാണ് യുഎഇ – ബഹ്റൈൻ സന്ദര്‍ശനം. യു എ ഇ മൂന്നാമത് തവണയാണ് സന്ദർശിക്കുന്നതെങ്കിലും ബഹ്റൈൻ സന്ദർശനം ആദ്യമായാണ്. ഇതോടെ ബഹ്റൈൻ സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രി എന്ന പദവി നരേന്ദ്ര മോദി സ്വന്തമാക്കും. സന്ദർശനാർഥം ബഹ്റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുമായി ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യും. ശേഷം രാജാവ് ഷെയ്ഖ് ഹമദ് ബിൻ ഈസാ അൽ ഖലീഫയുടെ അത്താഴ വിരുന്നിലും മോദി പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബഹ്റൈനിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യൻ ജനതയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും അദ്ദേഹം തുടക്കം കുറിക്കുമെന്നാണ് സൂചന.