കേരളത്തിന് കൈത്താങ്ങാവുക, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക: ലോക കേരള സഭ

മനാമ: സമാനതകളില്ലാത്ത പ്രകൃതി ദുരന്തം നേരിട്ട കേരളത്തെ സഹായിക്കാന്‍ എല്ലാ പ്രവാസി മലയാളി സംഘടനകളും രംഗത്തിറങ്ങണമെന്ന് ലോക കേരളസഭ ബഹ്‌റൈന്‍ അംഗങ്ങളുടെ യോഗം അഭ്യര്‍ഥിച്ചു. പ്രളയക്കെടുതിയെ കൂട്ടായി അതിജീവിക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് യോഗം പൂര്‍ണ പിന്‍തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ യോഗം അഭ്യര്‍ഥിച്ചു.

നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ പ്രളയത്തിനാണ് കേരളം കഴിഞ്ഞ വര്‍ഷം സാക്ഷ്യം വഹിച്ചത്. അതിന്റെ കെടുതികളില്‍ നിന്ന് കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങളുമായി സര്‍ക്കാരും ജനങ്ങളും മുന്നോട്ടു പോകുമ്പോഴാണ് പ്രളയ വാര്‍ഷികത്തില്‍ കനത്ത പേമാരിയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. വയനാട് പുത്തുമലയിലും നിലമ്പൂര്‍ കവലപ്പാറയിലുമായി ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലുലുമായി നിരവധി പേര്‍ മരിച്ചു. ഇപ്പോഴും തെരച്ചില്‍ നടക്കുകയാണ്. പതിനായിരങ്ങളുടെ വീടുകളും സ്വത്തുവകകളും കൃഷിയും മറ്റു വരുമാന മാര്‍ഗങ്ങളും പ്രകൃതി ക്ഷോഭം കവര്‍ന്നു. ആയിരകണക്കിന് പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. വീടുകള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ശുചീകരിച്ചുകൊണ്ടിരിക്കുന്നു. ദുരന്തത്തിന്റെ വ്യാപ്തി നമ്മുടെയെല്ലാം കണക്കുകൂട്ടലുകള്‍ക്ക് അപ്പുറത്താണ്. ഈ സാഹചര്യത്തില്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും സര്‍വസ്വവും നഷ്ടപ്പെട്ട നമ്മുടെ സഹജീവികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളോട് പ്രവാസി സമൂഹവും ഐക്യപ്പെടുകയാണ്.

സുമനുകളായ പ്രവാസികള്‍ ഇപ്പോള്‍ തന്നെ സഹായം നല്‍കുന്നുണ്ട്. അത് കൂടുതല്‍ ഊര്‍ജിതമാക്കണം. നവ കേരള സൃഷ്ടിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നമുക്ക് കൈതാങ്ങാകാം. എത്ര ചെറിയ തുകയായാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം. അത്രമേല്‍ വ്യാപ്തിയുള്ളതാണ് നമ്മുടെ കൊച്ചു സംസ്ഥാനം നേരിടുന്ന ദുരന്തം. ജനജീവിതം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് മുന്നിലുള്ളത്. അതിനായി സര്‍ക്കാരിനോടൊപ്പം എല്ലാ വിഭാഗം ജനങ്ങളും കൈകോര്‍ക്കണം. അതിന് എല്ലാ പ്രവാസി സംഘടനകളുടെയും പ്രവാസികളുടെയും പിന്‍തുണയും സഹായവും ഉണ്ടാവണമെന്ന് പിവി രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ലോക കേരള സഭാ അംഗങ്ങളായ സിവി നാരായണന്‍-39281773്, സുബൈര്‍ കണ്ണൂര്‍-39682974 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.