പത്ത് വർഷത്തെ അദ്ധ്വാനത്തിലൂടെ വാങ്ങിയ 25 സെന്റിൽ 20 ഉം കവളപ്പാറയിലെ ദുരിതബാധിതർക്ക് സമ്മാനിച്ച് ഒരു ബഹ്റൈൻ പ്രവാസി വനിത

‘ജിജി’മാരുടെ ഹൃദയവിശാലതയിലൂടെയുമാണ് നവകേരളം പുന:നിർമിക്കുന്നത്

മനാമ: പത്ത് വർഷത്തെ പ്രവാസ ജീവിതം, സമ്പാദ്യമെന്ന് പറയാൻ ഒരു മാസം മുൻപ് വാങ്ങിയ 25 സെന്റ് ഭൂമിയേ കൈവശമുണ്ടായിരുന്നുള്ളൂ ജിജിക്ക്. എന്നാൽ നിലമ്പൂരിലെ തന്റെ മടപ്പൊയ്ക ചെരുവിൽ വീട്ടിൽ നിന്നും ഏറെ അകലെയല്ലാത്ത കവളപ്പാറയിൽ ഒരൊറ്റ രാത്രി കൊണ്ടുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ വീടും നാടും നഷ്ടപ്പെട്ട് അനാഥമാക്കപ്പെട്ടവർക്കായി ആകെയുള്ള 25 സെന്റിൽ 20 സെൻറും നൽകാൻ ഒരുങ്ങിയിരിക്കുകയാണ് 37 കാരിയായ ജിജി ജോർജ്. തന്റെ തീരുമാനം നിലമ്പൂർ എംഎൽഎ പി വി അൻവർ മുൻപാകെ സുഹൃത്ത് വഴി അറിയിച്ചെന്ന് ജിജി ബഹ്റൈൻ വാർത്തയോട് പറഞ്ഞു.

കഴിഞ്ഞ മാസം നാട്ടിൽ പോയപ്പോഴായിരുന്നു ജിജി 25 സെന്റ് സ്ഥലം വാങ്ങി ആധാരം നിയമപരമായി തന്റെ പേരിലേക്ക് മാറ്റിയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഒന്നുമില്ലായ്മയിൽ നിന്ന് പടുത്തുയർത്തിയ തന്റെ കുഞ്ഞു സമ്പാദ്യം പൂർണമായും ഒരൊറ്റ രാത്രിയിലെ ദുരന്തത്തിൽ അനാഥരാക്കപ്പെട്ട ദുരിതബാധിതർക്കായ് സമ്മാനിക്കുന്നതിന്റെ ഹൃദയവിശാലതക്ക്, അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾക്കപ്പുറം അതിജീവനത്തിന്റെ ഓർമകളുടെ കരുത്താണ് ജിജിക്ക് പകരുന്നത്.

ഭർത്താവിന്റെ വിയോഗാനന്തരം പറക്കമുറ്റാത്ത മൂന്ന് കുരുന്നുകളെ മുന്നിൽ കണ്ടു കൊണ്ടാണ് പത്ത് വർഷങ്ങൾക്ക് മുൻപ് ജിജി ബഹ്റൈൻ പ്രവാസ ലോകത്തെത്തുന്നത്. ഒന്നുമില്ലായ്മയിൽ നിന്നും അതിജീവനത്തിന്റെ കരുത്തിലൂടെ ജീവിതത്തോട് പൊരുതി നിന്ന മാലാഖ. വാങ്ങിയ 25 സെന്റിൽ 20 ഉം നൽകുന്നെന്ന് പറയുമ്പോൾ ആശ്ചര്യത്തോടെ നോക്കുന്നവരോട് നിറഞ്ഞ ലാഘവത്തോടെയാണ് ജിജി പന്ത്രണ്ടിലും പതിനൊന്നിലും എട്ടാം തരത്തിലുമായി പഠിക്കുന്ന തന്റെ മൂന്ന് കുഞ്ഞുങ്ങളെയും ചേർത്ത് ഈ സമ്പാദ്യത്തേക്കാൾ വലുതായൊന്നുമല്ലെനിക്കിന്ന് മറ്റൊന്നും എന്ന് പറയുന്നത്. “ഇല്ലായ്മയുടെയും ദുരിതങ്ങളുടെയും വേദന എനിക്ക് നന്നായി അറിയാം, എന്റെ വീട്ടിൽ നിന്ന് ഏറെ അകലെയല്ലാത്ത ഒരിടത്ത് നടന്ന ദുരന്തത്തിൽ ഇരയായവർക്ക് എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് വല്ലാതെ ആഗ്രഹിച്ചതിൽ നിന്നാണ് ഈ ഒരു തീരുമാനത്തിലെത്തിയത്, ഉടൻ തന്നെ മക്കളോടും സഹോദരനോടും ചോദിച്ചു, പൂർണ സമ്മതം പറഞ്ഞതോടെ പിന്നെ മറ്റൊന്ന് ആലോചിക്കേണ്ടി വന്നില്ല” ആത്മസംതൃപ്തി നൽകിയ തിളക്കമേറിയ കണ്ണുകളോടെ ജിജി പറഞ്ഞു.

അമ്മ ആലീസ് മാത്രമാണിപ്പോൾ വീട്ടിൽ, മക്കളായ പ്ലസ് ടു വിദ്യാർഥി അഖിൽ, പ്ലസ് വൺ വിദ്യാർഥി നിഖിൽ, എട്ടാം ക്ലാസുകാരി അനൈന എന്നിവർ ഹോസ്റ്റലിലും ഭർത്താവിന്റെ വീട്ടിലുമായി നിന്ന് പഠിക്കുന്നു. അതിജീവനത്തിന്റെ പുതിയ പാഠങ്ങളോടെ ആത്മവിശ്വാസം പകർന്ന്  മുന്നേറാൻ ഹൃദയവിശാലതയൂറുന്ന ജിജിമാരുള്ള നാട്ടിൽ നാമെങ്ങനെ തളരാനാണ്. അതെ, ജിജിമാരുടെ ഹൃദയവിശാലതയിലൂടെയുമാണ് നവകേരളം പുന:നിർമിക്കുന്നത്. അതിജീവിക്കും, ഈ കരളുറപ്പുള്ള കേരളം.

ബഹ്റൈൻ പ്രവാസ ഭൂമികയിൽ നിന്നും ദുരിതബാധിതർക്കായി 1.20 ഏക്കർ ഭൂമി സമ്മാനിച്ച ബഷീർവാണിയക്കാടിനും 15 സെന്റ് സമ്മാനിച്ച പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരിനും ഒപ്പം തന്നെ മാതൃകയാവുകയാണ് ജിജിയും.