ഗൾഫ് എയറിൽ ദീർഘകാലമായി സേവനമനുഷ്ഠിച്ച അഞ്ച് ബഹ്‌റൈനി സ്റ്റാഫുകൾക്ക് സ്ഥാനക്കയറ്റം

മനാമ: ഗൾഫ് എയറിൽ ദീർഘകാലമായി സേവനമനുഷ്ഠിച്ച അഞ്ച് ബഹ്‌റൈനി സ്റ്റാഫുകൾക്ക് ക്യാബിൻ സർവീസ് മാനേജർമാരായി സ്ഥാനക്കയറ്റം നൽകി. ഹോസ്പിറ്റാലിറ്റി സേവനങ്ങളിൽ ഏറ്റവും ഉയർന്ന സ്ഥാനമാണിത്. ഫ്ലൈറ്റ് അറ്റൻഡന്റ്സ്, ക്യാബിൻ സീനിയർ സ്റ്റാഫ്, ക്യാബിൻ സർവീസ് മാനേജർ എന്നി സ്ഥാനങ്ങളിൽ അഞ്ച് ജീവനക്കാരും അവരുടെ കരിയറിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ കാരിയറുമായി ഇവരുടെ 25 വർഷത്തെ സേവനമാണ് അടയാളപ്പെടുത്തുന്നത്.

സയ്യിദ് ആമീൻ അഹമ്മദ്, അലി അലി, അബ്ദുൽമജീദ് മുഹമ്മദ്, സയീദ് അൽ അലവി, സമി അൽ ക്വയ്ദ് എന്നിവരാണ് പുതുതായി സ്ഥാനക്കയറ്റം ലഭിച്ച അഞ്ച് ക്യാബിൻ സർവീസ് മാനേജർമാർ. പുതിയ സ്ഥാനത്തിലൂടെ ഗ്രൂപ്പിന് ഫ്ലൈറ്റിന്റെ എല്ലാ ഹോസ്പിറ്റാലിറ്റി പ്രവർത്തനങ്ങളുടെയും ചുമതല ലഭിക്കും. യാത്രക്കാർ‌ക്ക് മൊത്തം ഉപഭോക്തൃ സംതൃപ്തി നൽകുകയെന്ന ലക്ഷ്യത്തോടെ ഫ്ലൈറ്റ് അറ്റൻഡൻ‌മാരുടെ മുഴുവൻ ടീമിനെയും മാനേജ് ചെയ്യണം. ഗൾഫ് എയർ അറ്റൻഡന്റ്സ് എല്ലാവരും ബഹ്‌റൈനി യുവാക്കളാണ്. അതോടൊപ്പം ഹെഡ് ക്വാർട്ടേഴ്‌സിൽ പ്രവർത്തിക്കുന്ന 90 ശതമാനം ജീവനക്കാരും 70 ശതമാനം പൈലറ്റുമാരും ബഹ്റൈനികളാണ്. ബഹ്‌റൈൻ സ്വദേശിവത്കരണത്തിലാണ് ഗൾഫ് എയർ മുൻതൂക്കം നൽകുന്നത്.