മനാമ: ബഹ്‌റൈൻ കേരളീയ സമാജം ജൂലൈ 3 മുതൽ കുട്ടികൾക്കായി സംഘടിപ്പിച്ച അവധിക്കാല ക്യാമ്പായ കളിക്കളം കളം പിരിഞ്ഞു. സമാജം ജൂബിലി ഹാളിൽ നടന്ന വർണ്ണ പകിട്ടാർന്ന ചടങ്ങിൽ ക്യാമ്പിൽ പങ്കെടുത്ത 140 ൽ പരം കുട്ടികളുടെ കലാവിരുന്ന് നിറഞ്ഞ സദസ്സിന്റെ പ്രശംസ നേടി. സംഗീതവും, നൃത്തവും, നാടകവും കോർത്തിണക്കിയ വൈവിധ്യപൂർണമായ കലാപരിപാടികളിൽ 4 വയസ്സ് മുതൽ 16 വയസ്സ് വരെ പ്രായക്കാരായ കുട്ടികൾ അണിനിരന്നു.
കളിക്കളത്തിൽ പരിശീലനം നേടിയ ചണ്ടാലഭിക്ഷുകി, സോളമന്റെ നീതി, അമ്മുവിൻറെ ആട്ടിൻകുട്ടി എന്നീ ലഘുനാടകങ്ങൾ ശ്രദ്ധേയമായി. 45 ദിവസം നീണ്ടുനിന്ന അവധിക്കാല ക്യാമ്പിൽ കലാ പരിശീലനത്തോടൊപ്പം നാടൻ പന്തുകളി, കുട്ടിയും കോലും, ഉപ്പും പക്ഷി, കൊച്ചംകുത്ത്, തലപ്പന്ത് തുടങ്ങിയ പഴയകാല കളികളും, നാടൻ പാട്ടും നാടോടി നൃത്തങ്ങളും, ചിത്ര രചനയും നിറഞ്ഞതായിരുന്നു കളിക്കളം. സമാപന ചടങ്ങിൽ സമാജം പ്രസിഡന്റ് ശ്രീ. പി. വി. രാധാകൃഷ്ണപിള്ള, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ശ്രീ. ടി. ജെ. ഗിരീഷ്, കലാവിഭാഗം സെക്രട്ടറി ശ്രീ. ഹരീഷ് മേനോൻ, ജനറൽ കൺവീനർ ശ്രീ. മനോഹരൻ പാവറട്ടി, ക്യാമ്പ് കൺവീനർ ശ്രീമതി. ജയ രവികുമാർ തുടങ്ങിയവർ പങ്കെടുത്തു.