നരേന്ദ്ര മോദിയുടെ ബഹ്‌റൈൻ സന്ദർശനം; റുപേ കാർഡ് പേയ്‌മെന്റ് സംവിധാനം ബഹ്‌റൈനിൽ ആരംഭിക്കും

മനാമ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വേളയിൽ റുപേ കാർഡ് പേയ്‌മെന്റ് സംവിധാനത്തിന് ബഹ്‌റൈനിൽ തുടക്കം കുറിയ്ക്കും. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് റുപേ കാർഡ് നടത്തുന്നത്. ഈ ആഴ്ച രണ്ട് ഗൾഫ് രാജ്യങ്ങളിലേക്കുള്ള മോദിയുടെ സന്ദർശന വേളയിൽ റുപേ കാർഡ് പുറത്തിറക്കുന്നതിനായി ഇന്ത്യ ബഹ്‌റൈനും യുഎഇയുമായി ധാരണാപത്രത്തിൽ ഒപ്പു വെയ്ക്കും. നരേന്ദ്ര മോദിയുടെ ആദ്യ ബഹ്‌റൈൻ സന്ദർശനമാണിത്. ദ്വിദിന സന്ദർശനത്തിന്റെ വിശദാംശങ്ങൾ ഇന്നലെ ദില്ലിയിൽ നടന്ന പത്രസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ ഇക്കണോമിക് റിലേഷൻസ് സെക്രട്ടറി ടി എസ് തിരുമൂർത്തി പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വേളയിൽ ബഹ്‌റൈനിലും യുഎഇയിലും റുപേ കാർഡ് സമാരംഭിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാംസ്കാരികം, ബഹിരാകാശം, പുനരുപയോഗ ഊർജ്ജം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റ് പ്രധാന കരാറുകളും ഇരുരാജ്യങ്ങളും ഒപ്പുവെക്കും. റുപേ കാർഡുകൾ ആരംഭിച്ചു കഴിഞ്ഞാൽ ഇന്ത്യൻ യാത്രക്കാർക്ക് അവരുടെ ഇടപാടുകൾക്കായി ബഹ്‌റൈനിൽ റുപേ കാർഡുകൾ ഉപയോഗിക്കാൻ സാധിക്കും. സന്ദർശന വേളയിൽ മോദി പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുമായി ചർച്ച നടത്തും. അതോടൊപ്പം ബഹ്‌റൈൻ രാജാവ് ഇന്ത്യൻ പ്രധാന മന്ത്രിക്കായി അത്താഴവിരുന്ന് ഒരുക്കുകയും ചെയ്യും.

Source:gdnonline