കവളപ്പാറയിലെ ജനങ്ങളുടെ പുനരധിവാസത്തിനായി നിലമ്പൂരിലെ 40 സെന്റ് ഭൂമി സംഭാവന ചെയ്ത് ബഹ്റൈൻ പ്രവാസി ‘റോയ് സ്കറിയ’

കേരള പുനഃനിർമാണത്തിനായ് തങ്കലിപികളാൽ കയ്യൊപ്പ് ചാർത്തുന്ന ബഹ്റൈൻ പ്രവാസികൾ

മനാമ: മഴക്കെടുതിയിലും പ്രളയത്തിലുമകപ്പെട്ട കേരളത്തിന്റെ പുനഃനിർമാണത്തിനും സർവവും നഷ്ടമായ ഒരു ജനതയുടെ പുനരധിവാസത്തിനും ജന്മനാടിനായി നിസ്വാർഥമായ സംഭാവനകൾ നൽകുന്ന ബഹ്റൈൻ പ്രവാസികളുടെ വാർത്തകളാണിപ്പോൾ അനുദിനം പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ പുനഃനിർമാണത്തിൽ ബഹ്റൈൻ പ്രവാസികളുടെ പങ്ക് വരും കാലത്ത് തങ്കലിപികളാൽ എഴുതിച്ചേർക്കപ്പെടുമെന്ന് തീർച്ചയാണ്. ബഹ്റൈൻ പ്രവാസികളായ കണ്ണൂർ സ്വദേശി പ്രവാസി കമ്മീഷൻ അംഗം സുബൈർ, പറവൂർ സ്വദേശി ബഷീർ വാണിയക്കാട്, നിലമ്പൂർ സ്വദേശി ജിജി ജോർജ് എന്നിവരോടപ്പം തന്നെ സർവം നഷ്ടമായ ഒരു ജനതയുടെ പുനരധിവാസത്തിന് വേണ്ടി ഭൂമി സംഭാവന ചെയ്തിരിക്കുകയാണ് നിലമ്പൂർ സ്വദേശി തന്നെയായ ബഹ്റൈൻ പ്രവാസി റോയ് സ്കറിയയും. കേരളത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടലും മണ്ണിടിച്ചിൽ ദുരന്തവും നടന്ന നിലമ്പൂരിലെ കവളപ്പാറയിൽ നിന്നും 8 കിലോമീറ്റർ അകലെയുള്ള വെള്ളപ്പൊക്കമോ മറ്റ് പ്രകൃതിക്ഷോഭങ്ങളോ പ്രത്യക്ഷത്തിൽ ബാധിക്കാത്ത പൊതുപാതയോട് ചേർന്ന കുന്നുമ്മൽ പൊട്ടിയിലെ 40 സെന്റ് ഭൂമിയാണ് റോയ് ദുരിതബാധിതർക്കായി ഇന്ന്(ആഗസ്റ്റ് 20, 2019) കൈമാറുന്നത്.

നിലമ്പൂർ, എടക്കരക്കടുത്ത മൊടപ്പൊയ്ക നിവാസിയായ റോയ് സ്കറിയ അഞ്ച് വർഷം മുൻപാണ് അടുത്തു തന്നെയുള്ള ഈ ഭൂമി വാങ്ങിക്കുന്നത്. കവളപ്പാറ എന്ന പ്രദേശവും, ജനതയും പ്രകൃതിയുടെ സംഹാര താണ്ഡവത്താൽ  മൂടപ്പെട്ട് ദുരന്തഭൂമിയായ് തീരുമ്പോൾ റോയ് നാട്ടിലായിരുന്നു. മനഃസാക്ഷിയെ മുറിപ്പെടുത്തിയ ഈ ദുരന്തം അവിടെ നിന്നും ഏറെ അകലെയല്ലാത്ത തന്റെ നാട്ടിൽ നിന്നും വേദനയോടെ കണ്ട് നിൽക്കാനേ തനിക്ക് കഴിഞ്ഞിരുന്നുള്ളൂ എന്ന് റോയ് ഓർക്കുന്നു. ഉടുതുണി മാത്രം ബാക്കിയായി ജീവനും കൊണ്ടോടിയ പ്രദേശവാസികൾ ക്യാമ്പുകളിലും മറ്റുമായി അഭയം പ്രാപിച്ചപ്പോൾ സഹായങ്ങളുമായി നിരവധി പേരാണ് നിറഞ്ഞ മനസുകളുമായി സഹായ പ്രവർത്തനങ്ങൾക്ക് തന്റെ നാട്ടിലേക്ക് എത്തിത്തുടങ്ങിയത്. കഴിയാവുന്ന സഹായ പ്രവർത്തനങ്ങളിലും റോയിയും കുടുംബവും സജീവമായിരുന്നു. വീട് വെച്ച് നൽകാനും മറ്റുമായി പല നിസ്വാർഥരായ മനുഷ്യരും മുന്നോട്ട് വരുന്നത് കണ്ടപ്പോഴാണ് അക്ഷരാർഥത്തിൽ തന്റെ സഹജീവികൾക്കായി തനിക്കെന്ത് ചെയ്യാൻ കഴിയുമെന്ന ചിന്ത തന്നെ അലട്ടി തുടങ്ങിയതെന്ന് റോയ് ബഹ്റൈൻ വാർത്തയോട് പറഞ്ഞു. ഒരാഴ്ച മുൻപ് തിരികെ ബഹ്റൈനിലെത്തിയപ്പോൾ പ്രവാസ ഭൂമികയിൽ നിന്നും പുനരധിവാസത്തിനായി പലരും പലയിടങ്ങളിലായി ഭൂമി സംഭാവന ചെയ്യുന്ന വാർത്തകളും കേൾക്കാനിടയായി. ഇതിൽ നിന്നും മറ്റ് സഹായങ്ങൾക്കപ്പുറം തന്റെ നാട്ടുകാർക്ക് വീട് വെക്കാനും മറ്റുമായി ഭൂമിയാണ് അത്യാവശ്യമായി വേണ്ടതെന്ന് മനസിലാക്കുകയും, മറ്റെവിടെയുമല്ല, സ്വന്തം നാട്ടിൽ തന്നെ നല്ലൊരിടത്തുള്ള തന്റെ ഭൂമി ഇതിനായി സൗജന്യമായി നൽകാൻ തീരുമാനമെടുക്കുകയുമായിരുന്നെന്ന് റോയ് പറയുന്നു. ഇക്കാര്യം ഭാര്യയോടും നാട്ടിലുള്ള തന്റെ അമ്മയോടും സംസാരിച്ചപ്പോൾ പൂർണ സമ്മതമായിരുന്നെന്നും പിന്നീട് തന്റെ സുഹൃത്തായ സിജു ജോർജ് വഴി സ്ഥലം എംഎൽഎ പിവി അൻവറിന്റെ നേതൃത്വത്തിലുള്ള റീ ബിൽഡ് നിലമ്പൂർ ഇനീഷ്യേറ്റീവിന്റെ ഭവന പദ്ധതിക്കായി സ്ഥലം കൈമാറാനുള്ള സന്നദ്ധത തഹസിൽദാർ മുരളീധരനെ അറിയിക്കുകയുമായിരുന്നു. രജിസ്ട്രേഷൻ നടപടികൾ ഇന്ന് പൂർത്തീകരിക്കും.

റോയ് സ്കറിയ

ടെസ്റ്റിംഗ് ആൻറ് സർട്ടിഫിക്കേഷൻ മേഖലയിൽ പ്രശസ്തമായ ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ് ജി എസ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി ജോലി ചെയ്യുന്ന റോയ് കഴിഞ്ഞ ആറ് വർഷമായി ബഹ്റൈൻ പ്രവാസിയാണ്. ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ ഷീബ റോയ്, മക്കൾ: ആഞ്ജലിൻ (16), ആഷ്ലിൻ (12), അമ്മ: അന്നമ്മ എന്നിവരടങ്ങുന്നതാണ് റോയ് യുടെ കുടുംബം.