പി.കൃഷ്ണപിള്ള ദിനം ബഹ്‌റൈൻ പ്രതിഭ സമുചിതമായി ആചരിച്ചു

മനാമ: കേരളത്തിലെ കമ്മ്യുണിസ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവും ആദ്യ സെക്രെട്ടറിയും ആയ പി കൃഷ്ണപിള്ളയുടെ ചരമദിനം ബഹ്‌റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ വിവിധ ഏരിയകൾ കേന്ദ്രീകരിച്ചു സമുചിതം ആചരിച്ചു. 1930 മുതൽ 1948 വരെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേരളത്തിലെ സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിനും, കമ്മ്യുണിസ്റ് പാർട്ടിക്കും ഉണ്ടായ വളർച്ച വളരെ വലുതാണ്. തെക്ക്, വടക്ക് എന്ന വ്യത്യാസമെന്യേ കേരളത്തിലാകെ രാഷ്ട്രീയമുന്നേറ്റം സംഘടിപ്പിച്ച അസാധാരണ സംഘാടകനും വിപ്ലവകാരിയുമായിരുന്നു പി കൃഷ്ണപിള്ള 1932 ജനുവരിയിൽ കോഴിക്കോട് സബ്ജയിലിൽ വച്ചാണ് ഇ.എം.എസും കൃഷ്ണപിള്ളയും ആദ്യം കാണുന്നത്. അന്ന് ഇടതുപക്ഷ ദേശീയവാദിയായ ഇ എം എസിനെ കമ്യൂണിസ്റ്റായി വളർത്തിയത് പി കൃഷ്ണപിള്ളയാണ് എന്ന് ഇ എം എസ്‌ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

തൊഴിലാളികൾ, കൃഷിക്കാർ തുടങ്ങി സമൂഹത്തിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും അധഃസ്ഥിതരെയും സംഘടിപ്പിക്കുന്നതിലെ വിപ്ലവകല ഒന്നുവേറെയായിരുന്നു. കൂലി, ജീവിതസാഹചര്യം എന്നിവയിലെ പരിതാപകരമായ അവസ്ഥ മാറ്റാൻ ചൂഷണത്തിനും മർദനത്തിനുമെതിരായി മുതലാളിമാരോടും ഭൂപ്രഭുക്കളോടും ഒരുവശത്ത് സമരം നടത്തി. മറുവശത്താകട്ടെ, സ്വാതന്ത്ര്യസമരത്തിൽ അവരെ അണിനിരത്തി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും രാജഭരണത്തിനുമെതിരായ സമരത്തെ വിപുലമാക്കി. ഇങ്ങനെ സാമ്പത്തിക സമരത്തെ എങ്ങനെ രാഷ്ട്രീയസമരമാക്കി വളർത്താമെന്ന് തെളിയിച്ചു.

ഇന്ത്യയുടെ മതനിരപേക്ഷതയും ജനാധിപത്യവും വലിയ വെല്ലുവിളി നേരിടുന്ന ഈ ഘട്ടത്തിൽ പി കൃഷ്ണപിള്ളയുടെ ഓര്മപുതുക്കൾ മത നിരപേക്ഷതക്കും ജനാധിപത്യ സംരക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് കരുത്ത് പകരും എന്ന് ബഹ്‌റൈൻ പ്രതിഭ അഭിപ്രായപ്പെട്ടു. റിഫ, മനാമ, പ്രതിഭ ആസ്ഥാനം, ഹിദ്ദ്, ഗുദൈബിയ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു നടന്ന അനുസ്മരണ യോഗങ്ങളിൽ യഥാക്രമം രാജീവൻ, മഹേഷ്, എ. സുരേഷ്, കൃഷ്ണൻകുട്ടി റാം എന്നിവർ അധ്യക്ഷത വഹിച്ചു. ബിനു സൽമാബാദ്, പ്രദീപ് പത്തേരി, ബിന്ദു റാം, ഷെരിഫ് കോഴിക്കോട്, ലിവിൻ കുമാർ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ഷെരിഫ് കോഴിക്കോട്, എ വി അശോകൻ, പി ശ്രീജിത്ത്, സുബൈർ കണ്ണൂർ, സി വി നാരായണൻ എന്നിവർ ആനുകാലിക വിശദീകരണവും നടത്തി.