അന്യായ യാത്ര നിരക്ക്; പ്രധാനമന്ത്രിയുടെ വരവിൽ പ്രതീക്ഷയർപ്പിച്ച് യാത്ര സമിതി

മനാമ: ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിമാന യാത്ര നിരക്ക് അന്യായമായി സീസണുകളിൽ വർധിപ്പിക്കുന്ന രീതിക്ക് മാറ്റം വരുത്തുന്നതിന് ഉതകുന്ന തീരുമാനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു. എ .ഇ – ബഹ്‌റൈൻ സന്ദർശന വേളയിൽ ഉണ്ടാകുമെന്ന് യാത്ര അവകാശ സംരക്ഷണ സമിതി പ്രത്യാശ പ്രകടിപ്പിച്ചു. ബഹ്‌റൈനിൽ നിന്നും കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും നേരിട്ടോ കണക്ഷൻ സർവീസോ ആരംഭിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന യാത്ര സമിതി, ഈ വിഷയം ബഹ്റൈൻ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽ പെടുത്താനുള്ള ശ്രമത്തിലാണ്.

പരമാവധി വിദേശ വിമാന കമ്പനികളെ ബഹ്റൈൻ തിരുവനന്തപുരം, കൊച്ചി, കാലിക്കറ്റ്, കണ്ണൂർ, റൂട്ടിൽ സർവീസ് നടത്തിക്കുവാൻ വിമാന കമ്പനികൾക്കും ജനപ്രതിനിധികൾക്കും മെയിൽ, ട്വിറ്റർ സന്ദേശങ്ങൾ അയച്ചു യാത്ര സമിതി ഈ ആവശ്യത്തിനായി സജീവമായി നിലകൊള്ളുന്നുണ്ട്. നാട്ടിലെ സ്കൂൾ അവധിക്ക് ശേഷം ഗൾഫിലേക്കും തിരിച്ചും അവധിക്കാലം ചെലവഴിക്കുവാൻ തയ്യാറായി നിൽക്കുന്ന പ്രവാസികൾക്ക് മതിയായ യാത്രാസൗകര്യം ഏർപ്പെടുത്തുവാൻ ജനപ്രതിനിധികൾ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നും യാത്ര സമിതി ആവശ്യപ്പെട്ടു.

അവധിക്കാല തിരക്ക് പരിഗണിച്ച് കൂടുതൽ സീറ്റുകൾ ഉള്ള വിമാനങ്ങളും മതിയായ കണക്ഷൻ സർവീസുകളും ഏർപെടുത്തുവാൻ വിമാനക്കമ്പനികൾ തയ്യാറാകണമെന്നും യാത്ര സമിതി ആവശ്യപ്പെട്ടു. നേരത്തെ വിദേശകാര്യമന്ത്രി വി മുരളീധരനും തിരുവനന്തപുരം ബഹ്റൈൻ സർവീസ് പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു യാത്ര സമിതി കത്തയച്ചിരുന്നു. ഇതിനെല്ലാം അനുകൂലമായ നടപടികൾ പ്രധാനമന്ത്രിയുടെ ബഹ്‌റൈൻ സന്ദർശനത്തിന്റെ ഭാഗമായി ഉണ്ടാകും എന്ന ശുഭ പ്രതീക്ഷയിലാണ് യാത്ര സമിതി .