തുഷാർ വെള്ളാപ്പള്ളിയുടെ അറസ്റ്റ്: കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കേന്ദ്ര വിദേശ കാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കസ്റ്റഡിയിൽ ഉള്ള തുഷാറിന്റെ ആരോ​ഗ്യ നിലയിൽ ആശങ്ക ഉണ്ടെന്നും നിയമ പരിധിയിൽ നിന്ന് സഹായങ്ങൾ ചെയ്യണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. തുഷാർ വെള്ളാപ്പള്ളിയുടെ അറസ്റ്റിൽ ബിജെപി സംസ്ഥാന നേതൃത്വം മൗനം തുടരുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

അതേസമയം, തുഷാറിനെ മനപ്പൂർവം കുടുക്കിയതാണെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും നിയമപരമായി പ്രശ്നത്തെ നേരിടുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വർഷങ്ങൾക്ക് മുമ്പുള്ള ഇടപാടാണ് ഇതെന്നും തുഷാറിനെ കള്ളം പറ‍ഞ്ഞ് വിളിച്ചു വരുത്തി കുടുക്കുകയായിരുന്നുവെന്നും വെള്ളാപള്ളി വിശദീകരിച്ചു.

ഇന്നലെയാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനിൽ വച്ച് അറസ്റ്റിലായത്. ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിലാണ് അറസ്റ്റ്. യുഎഇ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്‍റെ വണ്ടിചെക്ക് കേസില്‍ അറസ്റ്റിലായ തുഷാര്‍ ഇപ്പോള്‍ അജ്മാന്‍ ജയിലിലാണ്.

പത്ത് മില്യണ്‍ യുഎഇ ദിര്‍ഹത്തിന്‍റെ (പത്തൊമ്പതര കോടി രൂപ)യുടേതാണ് ചെക്ക്. ബിസിനസ് പൊളിഞ്ഞ് നാട്ടിലേക്ക് കടന്ന തുഷാര്‍ വെള്ളാപ്പള്ളി പിന്നീട് രാഷ്ട്രീയരംഗത്ത് സജീവമായി. ഇതിനിടെ പലതവണ നാസില്‍ അബ്ദുള്ളയ്ക്ക് കാശ് കൊടുത്തുതീര്‍ക്കാമെന്നേറ്റെങ്കിലും സ്വാധീനം ഉപയോഗിച്ച് ഒഴിഞ്ഞു മാറുകയായിരുന്നു.