തിരുവനന്തപുരം: ആറ് ലഷ്‌കര്‍ ഭീകരര്‍ ശ്രീലങ്കയിൽ നിന്ന് കടല്‍ മാര്‍ഗം തമിഴ്‌നാട്ടില്‍ എത്തിയതായി ഇന്റലിജന്‍സ് റിപ്പോർട്ട്. കേരളത്തിലും അതീവ ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് വലിയ സുരക്ഷാ പരിശോധനകള്‍ തമിഴ്‌നാട്ടില്‍ തുടരുകയാണ്. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവികള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. അഞ്ച് ശ്രിലങ്കന്‍ തമിഴ് വംശജരും ഒരു പാകിസ്ഥാന്‍ സ്വദേശിയുമുള്‍പ്പെടുന്ന സംഘം തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ എത്തിയെന്നാണ് വിവരം.
ഹിന്ദുക്കളേപ്പോലെ വേഷവിധാനങ്ങളും മത ചിഹ്നങ്ങളും അണിഞ്ഞാണ് ഇവര്‍ എത്തിയത്. ബസ്സ് സ്റ്റാന്‍റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത നിര്‍ദ്ദേശമുണ്ട്. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറിലോ സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ (0471 2722500) അറിയിക്കേണ്ടതാണ്. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നൽകിയിരിക്കുന്നത്.