ദുബായ്: ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും അജ്മാനിലെ യുവ വ്യവസായുമായ നാസിൽ അബ്ദുല്ലയും തമ്മിലുള്ള ചെക്ക് കേസ് ഒത്തു തീർപ്പിലേക്ക്. ഇന്ന് രാവിലെ ഹോട്ടലിൽ വെച്ച് തുഷാറും നാസിലും കൂടിക്കാഴ്ച നടത്തി. പ്രശ്നം കോടതിക്ക് പുറത്ത് തന്നെ രമ്യമായി പരിഹരിക്കാൻ ഇരുവരും തീരുമാനിച്ചതായും വീണ്ടും ഒന്നിച്ചിരുന്ന് ഒത്തുതീർപ്പിലെത്തുമെന്നും തുഷാർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ആദ്യ ഘട്ട ചർച്ചയാണ് ഇന്ന് നടന്നത്. ഉണ്ടായ പ്രശ്നങ്ങൾ വരും ദിവസങ്ങളിൽ ഒന്നിച്ചിരുന്ന് രണ്ടുപേർക്കും ബുദ്ധിമുട്ടാകാത്ത തരത്തിൽ പൂർണമായും പരിഹരിക്കും.
ഞങ്ങൾ തമ്മിൽ യാതൊരു വിരോധമോ തെറ്റിദ്ധാരണയോ ഇല്ല. അദ്ദേഹത്തിന് ഉണ്ടായിട്ടുള്ള വിഷമങ്ങളെ തുടർന്നാണ് ചെക്ക് കേസ് നൽകാനുള്ള തീരുമാനമെടുക്കേണ്ടി വന്നത്. ഇവിടെ ജയിലിൽ കിടക്കേണ്ടി വന്നത് എന്റെ തലേലെഴുത്തായിരിക്കാമെന്ന് തുഷാർ പറഞ്ഞു. ഈ മാസം 20ന് ദുബായിലെത്തിയ തുഷാറിനെ ഹോട്ടലിൽ ഒരു യുവതിയുമായി സ്വത്തു വിൽപന സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുമ്പോളാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ പാസ്പോർട്ടും 10 ലക്ഷം ദിർഹവും കെട്ടിവെച്ചാണ് തുഷാറിന് ജാമ്യം ലഭിച്ചത്.