ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിൽ; ഇന്ന് വൈകീട്ട് ബഹ്‌റൈനിൽ എത്തും

രണ്ടുദിവസത്തെ ഗള്‍ഫ് സന്ദര്‍ശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെത്തി. ഇന്ന് അബുദാബി എമിറേറ്റ്സ് പാലസിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യയുടെ റുപേ കാർഡിന്‍റെ ഉദ്ഘാടനം മോദി നിർവഹിക്കും. നാല് വർഷത്തിനിടയിൽ മൂന്നാം തവണയാണ് പ്രധാനമന്ത്രി യുഎഇയിലെത്തുന്നത്. യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് മെഡൽ പാലസിൽ നടക്കുന്ന ചടങ്ങിൽ നരേന്ദ്ര മോദിക്ക് സമ്മാനിക്കും. ഓർഡർ ഓഫ് സായിദ് മെഡൽ ഏറ്റുവാങ്ങുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച കരാറുകളിൽ പ്രധാനമന്ത്രി ഒപ്പുവയ്ക്കും. അതോടൊപ്പം മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക സ്റ്റാമ്പ് പ്രധാനമന്ത്രിയും ശൈഖ് മുഹമ്മദും ചേർന്ന് പുറത്തിറക്കും. പ്രസിഡൻഷ്യൽ പാലസിലെ ഉച്ചവിരുന്നിന് ശേഷം പ്രധാനമന്ത്രി ബഹ്റൈനിലേക്ക് യാത്ര തിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹ്‌റൈൻ സന്ദർശനത്തിന്റെ ഭാഗമായി ഇസ ടൗണിലെ ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. 18,000 ൽ അധികം ആളുകൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ബഹ്‌റൈനിൽ നടക്കുന്ന ഇന്ത്യൻ പ്രവാസികളുടെ ഏറ്റവും വലിയ ഒത്തുചേരലായിരിക്കും ഇത്. പരമ്പരാഗത ഇന്ത്യൻ സംഗീതവും നൃത്തവും ഉൾക്കൊള്ളുന്ന സാംസ്കാരിക പരിപാടികളും മോദിയുടെ പ്രസംഗവും പരിപാടിയിൽ ഉണ്ടാകും. സന്ദർശന വേളയിൽ സംസ്കാരം, ബഹിരാകാശം, പുനരുപയോഗ ഊർജം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന കരാറുകളിൽ ഒപ്പുവെക്കുന്നതിനൊപ്പം ഇന്ത്യൻ പേയ്‌മെന്റ് കാർഡ് റുപേ ബഹ്‌റൈനിൽ ആരംഭിക്കുകയും ചെയ്യും. പൊതു പരിപാടി നടക്കുന്ന ഇസ ടൗണിലെ നാഷണൽ സ്റ്റേഡിയത്തിലേക്ക് 10 മിനിട്ട് ഇടവേളയിൽ ബഹ്‌റൈൻ ട്രാൻസ്‌പോർട്ട് കമ്പനി ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.