അരുണ്‍ ജയ്റ്റ്‍ലിക്ക് രാജ്യം ഇന്ന് വിട നൽകും; സംസ്‍കാരം വൈകിട്ട് നിഗം ബോധ്ഘട്ടിൽ

ദില്ലി: അന്തരിച്ച ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്‍‍ലിക്ക് രാജ്യം ഇന്ന് വിട നൽകും. ഇന്ന് വൈകിട്ട് പൂർണ ഔദ്യോഗിക ബഹുമതികളോടെ നിഗം ബോധ്ഘട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കും. ദില്ലിയിലെ കൈലാഷ് കോളനിയിലെ വസതിയിൽ പൊതു ദർശനത്തിന് വെച്ചിരിക്കുന്ന മൃതദേഹത്തിൽ ആയിരക്കണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിച്ചു. രാവിലെ 11 മണി മുതൽ രണ്ട് മണി വരെ ഭൗതിക ശരീരം ബിജെപി ആസ്ഥാനത്ത് പൊതു ദർശനത്തിന് വെയ്ക്കും. വൈകിട്ട് നടക്കുന്ന സംസ്‍കാര ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാർ തുടങ്ങി പ്രതിപക്ഷത്തെ നേതാക്കളും പങ്കെടുക്കും.