വടകര സി.എച്ച്.സെന്റര്‍ ഉദ്ഘാടനം ഇന്ന് 4 മണിക്ക് (ഞായറാഴ്ച ) ഡോ. എം.കെ മുനീര്‍ എംഎല്‍എ നിര്‍വഹിക്കും

വടകര: വടകര ജില്ലാ ആശുപത്രി കേന്ദ്രീകരിച്ചുള്ള സി.എച്ച് സെന്ററിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് ഡോ. എം.കെ മുനീര്‍ എംഎല്‍എ നിര്‍വഹിക്കും. ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍ ഹോസ്പിറ്റൽ സൂപ്രണ്ടിന് കൈമാറിക്കൊണ്ടാണ് ഉദ്ഘാടനം. ആശുപത്രിക്ക് സമീപം നടക്കുന്ന പരിപാടിയില്‍ വളണ്ടിയര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം സി.കെ.നാണു എംഎല്‍എ നിര്‍വഹിക്കും. സി.എച്ച്.സെന്റര്‍ ബ്രോഷര്‍ പ്രകാശനം വടകര നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരനും വെബ്സൈറ്റ് ഉദ്ഘാടനം കോഴിക്കോട് സി.എച്ച് സെന്റർ ജനറൽ സെക്രട്ടറി എം.എ.റസാഖ് മാസ്റ്ററും നിര്‍വഹിക്കും.

സി.എച്ച്.സെന്റര്‍ ചെയര്‍മാന്‍ പാറക്കൽ അബ്ദുള്ള എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍
ജില്ലാ ആശുപത്രിക്ക് ഏറ്റവും ആവശ്യമുള്ള പത്തോളം ഉപകരണങ്ങളാണ് സി.എച്ച്.സെന്റര്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി കൈമാറുന്നത്. രോഗികള്‍ക്ക് ഇരിക്കാന്‍ അമ്പത് സ്റ്റൂളുകള്‍, അഞ്ച് വീല്‍ ചെയറുകള്‍, പത്ത് ഫാനുകള്‍, കുടിവെള്ള ലഭ്യത ഉറപ്പു വരുത്താനായി രണ്ട് വാട്ടര്‍ കൂളറുകള്‍, ഒ.പി വേര്‍തിരിക്കാനുള്ള സംവിധാനം, ഓക്സിജന്‍ സിലിണ്ടറുകള്‍ തുടങ്ങിയവയാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി കൈമാറുക.

വടകര ജില്ലാ ആശു്പത്രിയില്‍ എത്തുന്ന അശരണരായ രോഗികള്‍ക്ക് താങ്ങാവുക എന്ന ഉദ്ദേശത്തോടെയാണ്സി.എച്ച്.സെന്റര്‍ പ്രവര്‍ത്തിക്കുക. ഇന്ന് 4 മണിക്ക് ഔപചാരിക ഉദ്ഘാടനമെങ്കിലും സി.എച്ച്.സെന്ററിന്റെ വളണ്ടിയര്‍ സേവനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15 ന് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ വളണ്ടിയര്‍മാരും സി.എച്ച് സെന്റർ പ്രവർത്തകരും ആശുപത്രിയും പരിസരവും ശുചീകരിച്ചിരുന്നു. അറുപതോളം വളണ്ടിയര്‍മാര്‍ പരിശീലനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. രണ്ട് വളണ്ടിയര്‍മാര്‍ എല്ലാ ദിവസവും രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ആശുപത്രിയില്‍ സേവനമനുഷ്ഠിക്കും. ഗവണ്‍മെന്റ് ആശുപത്രിയുടെ സമീപം തന്നെ സി.എച്ച് സെന്ററിന്റെ ഓഫീസിനും തുടക്കം കുറിച്ചു.