ലോക ബാഡ്മിന്റണ്‍ ചാംപ്യൻഷിപ്പിൽ ചരിത്രമെഴുതി ഇന്ത്യൻ താരം പി.വി. സിന്ധു

ബാസല്‍: ലോക ബാഡ്മിന്റണ്‍ ചാംപ്യൻഷിപ്പിൽ ചരിത്രമെഴുതി ഇന്ത്യൻ താരം പി.വി. സിന്ധു. മൂന്നാം സീഡായ ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ അഞ്ചാം സീഡായ സിന്ധു ആധികാരികമായി തോല്‍പിച്ചാണ് സ്വർണം കരസ്ഥമാക്കിയത്. ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടവും ഇതോടെ സിന്ധു സ്വന്തമാക്കി. തുടര്‍ച്ചയായ മൂന്നാം ഫൈനലിലാണ് ലോക വേദിയില്‍ സിന്ധുവിന് ആദ്യ കിരീടം നേടാനായത്. കഴിഞ്ഞ രണ്ടുവര്‍ഷവും ഫൈനലില്‍ തോറ്റിരുന്നു. 2017-ല്‍ നൊസോമി ഒക്കുഹാരയോടും 2018-ല്‍ സ്‌പെയിനിന്റെ കരോളിന മരിനോടുമായിരുന്നു തോല്‍വി. ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണം കൂടിയാണിത്.