പ്രളയബാധിതർക്കായ് വാഗ്ദാനം ചെയ്ത വസ്തുവിന്റെ രേഖകൾ സുബൈർ കണ്ണൂർ മുഖ്യമന്ത്രിക്ക് കൈമാറി

മനാമ: മൂന്ന് പ്രളയ ബാധിതതർക്കായി തന്റെ പേരിൽ ഉള്ള പതിനഞ്ചു സെന്റ് സ്ഥലം വീതിച്ചു നൽകുവാൻ തീരുമാനിച്ച ബഹ്‌റൈൻ പ്രവാസിയും പ്രതിഭ നേതാവും കേരള പ്രവാസി കമ്മീഷൻ അംഗവും ലോക കേരള സഭ അംഗവും ആയ സുബൈർ കണ്ണൂർ അത് സംബന്ധിയായ സമ്മത പത്രവും വസ്തു സംബന്ധി ആയ രേഖകളും കണ്ണൂരിൽ വെച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കണ്ണൂർ നായനാർ സ്മാരക മന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് രേഖകൾ കൈമാറിയത്. ജെയിംസ് മാത്യു എംഎല്‍എ- സുകന്യ ദമ്പതികളുടെ മകന്റെ വിവാഹ ചടങ്ങിൽ വെച്ചാണ് തുക കൈമാറിയത്.

മകന്റെ വിവാഹത്തിനായി നീക്കിവെച്ച അഞ്ച് ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി ജെയിംസ് മാത്യു എംഎല്‍എയും കുടുംബവും വിവാഹം ലളിതമാക്കിയാണ് സഘടിപ്പിച്ചത്. അതെ ചടങ്ങിൽ വെച്ച് ഈ രേഖയും കൈമാറാൻ കഴിഞ്ഞത് വളരെ ഉചിതം ആയി എന്ന് സുബൈർ കണ്ണൂർ അറിയിച്ചു. മുഖ്യമന്ത്രിക്ക് സുബൈർ കണ്ണൂരും കുടുംബവും നേരിട്ടാണ് വസ്തു രേഖകൾ കൈമാറിയത്. സംസ്ഥാന മന്ത്രിമാരായ ഇ പി ജയരാജൻ, സുനിൽ കുമാർ, ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. സുബൈർ കണ്ണൂരിന്റെ മാതൃകാപരം ആയ പ്രവർത്തനത്തെ ബഹ്‌റൈൻ പ്രതിഭ സെക്രെട്ടറി ഷെരിഫ് കോഴിക്കോട്, പ്രസിഡന്റ് മഹേഷ് മൊറാഴ എന്നിവർ അഭിന്ദിച്ചു . ബഹ്‌റൈൻ പ്രതിഭ അഞ്ചു ലക്ഷം രൂപ ഇതിനകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അയച്ചു. രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നടന്നുവരുന്നതായും പ്രതിഭ ഭാരവാഹികൾ അറിയിച്ചു.