ദില്ലി: പാകിസ്ഥാൻ ഭീകര സംഘടനയില്‍ നിന്ന് പണം വാങ്ങി ചാരപ്പണി നടത്തിയതിന് മുന്‍ ബജ്റംഗ്ദള്‍ നേതാവടക്കം മൂന്ന് പേർ അറസ്റ്റിലായി. ബജ്റംഗ്ദള്‍ മുന്‍ നേതാവ് ബല്‍റാം സിംഗ്, സുനില്‍ സിംഗ്, ശുഭം മിശ്ര എന്നിവരെയാണ് മധ്യപ്രദേശ് ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയുമായി പ്രതികള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായകമായ വിവരങ്ങള്‍ കൈമാറിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.
2017ൽ പാക് സംഘടനയില്‍ നിന്ന് പണം വാങ്ങിയതിന് ബല്‍റാം സിംഗിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പുതിയ കേസില്‍ ബല്‍റാം സിംഗ് അറസ്റ്റിലായത്. ഭീകരവാദികളില്‍ നിന്ന് പണം വാങ്ങിയവര്‍ക്കെതിരെ രാഷ്ട്രീയം നോക്കാതെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു. ഐപിസി 123 വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.