ബഹ്റൈൻ കേരളീയ സമാജം വിദ്യാരംഭ ചടങ്ങിൽ ആർ.ശ്രീലേഖ ഐ.പി.എസ് കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കും

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിലെ ഈ വർഷത്തെ വിദ്യാരംഭ ചടങ്ങ് വിജയദശമി ദിനമായ ഒക്ടോബർ 8 ചൊവ്വാഴ്ച രാവിലെ 5.30 മുതൽ ആരംഭിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി എം.പി.രഘുവും അറിയിച്ചു

പ്രമുഖ പോലീസ് ഉദ്യോഗസ്ഥയും ഇപ്പോൾ കേരള ജയിൽ ഡി.ജി.പിയും എഴുത്തുകാരിയുമായ ആർ.ശ്രീലേഖ ഐ.പി.എസാണ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്നതിനായി എത്തുന്നത്.

1987 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയായ ആർ.ശ്രീലേഖ ചേർത്തല, തൃശൂർ എന്നിവിടങ്ങളിൽ എ.എസ്.പിയായും പത്തനംതിട്ട, തൃശൂർ, ആലപ്പുഴ എന്നിവിടങ്ങളിൽ എസ്.പിയായും എറണാകുളം റെയ്ഞ്ച് ഡി.ഐ.ജിയായും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബാലസാഹിത്യ കൃതികളും കുറ്റാന്വേഷണ കഥകളുമുൾപ്പടെ നിരവധി കൃതികളുടെ രചയിതാവുമാണ്.

വിദ്യാരംഭത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായും കൂടുതൽ വിവരങ്ങൾക്ക് ബിജു.എം.സതീഷ് 36045442 എന്ന നമ്പരിൽ വിളിക്കാവുന്നതാണെന്നും സമാജം ഭാരവാഹികൾ അറിയിച്ചു.