bahrainvartha-official-logo
Search
Close this search box.

കെ.സി.എ ‘ഇന്ത്യൻ ടാലന്റ്റ് സ്കാൻ 2019’ നവംബർ / ഡിസംബർ മാസങ്ങളിൽ സംഘടിപ്പിക്കും

Press Meet photo1

മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ‌.സി‌.എ) എല്ലാ വർഷവും കുട്ടികൾക്കായി നടത്തിവരുന്ന കലാ- സാഹിത്യ, സംസ്കാരിക മാമാങ്കം “BFC – KCA – ഇന്ത്യൻ ടാലന്റ്റ് സ്കാൻ 2019” ഈ വർഷവും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബഹ്‌റൈനിൽ താമസക്കാരായ എല്ലാ ഇന്ത്യൻ കുട്ടികൾക്കും പങ്കെടുക്കുവാൻ സാധിക്കുന്ന മത്സരങ്ങൾ 2019 നവംബർ / ഡിസംബർ മാസങ്ങളിൽ നടത്തപ്പെടും. കെ‌.സി.‌എ യുടെ സുവർണ്ണ ജൂബിലി ആഘോഷ നിറവിൽ, ഈ വർഷത്തെ ടാലന്റ്റ് സ്കാനിൽ ആവേശകരമായ ഒട്ടേറെ പുതുമകൾ ഉണ്ടായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.

2018 ലെ ടാലന്റ്റ് സ്കാനിൽ പുതുതായി ഉൾപ്പെടുത്തിയ ഗ്രൂപ്പ് മത്സരങ്ങൾക്ക് ലഭിച്ച ആവേശകരമായ സ്വീകാര്യത കൊണ്ട് ഈ വർഷം ഈ ഇനത്തിൽ കൂടുതൽ മത്സരങ്ങൾ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. “ഗ്രൂപ്പ് മത്സരങ്ങളിൽ കുട്ടികളുടെ മികച്ച പ്രതികരണവും ഉത്സാഹവും കഴിഞ്ഞ വർഷം ഞങ്ങൾ കണ്ടതാണ്. അതിനാൽ ഈ വർഷവും ഞങ്ങൾ ഇത് തുടരുകയും കൂടുതൽ ഇനങ്ങൾ ഉൾകൊള്ളിക്കുന്നതുമാണ്. ഒരു ടീമായി മത്സരിക്കുമ്പോൾ കുട്ടികൾ പഠിക്കുന്ന ഒരുപാട് നല്ല കാര്യങ്ങളുണ്ട്. ടീം കെട്ടിപ്പടുക്കുന്നതും പരസ്പരം പിന്തുണയ്ക്കുന്നതും അവരെ തുറന്ന മനസ്സുള്ളവരാക്കാൻ സഹായിക്കും. ഇതിലൂടെ കുട്ടികളുടെ വ്യക്തിത്വ വികാസവും സാമൂഹിക ബോധവും പ്രോത്സാഹിപ്പിക്കുന്നതിനാണ് കെ.‌സി.‌എ പരിശ്രമിക്കുന്നത്.” കെ.‌സി.‌എ പ്രസിഡന്റ്റ് ശ്രീ. സേവി മാത്തുണ്ണി പറഞ്ഞു. ബഹ്‌റൈനിൽ താമസിക്കുന്ന, 2014 സെപ്റ്റംബർ 30 നും 2001 ഒക്ടോബർ 1 നും ഇടയിൽ ജനിച്ച ഇന്ത്യക്കാരായ കുട്ടികൾ ഇന്ത്യൻ ടാലന്റ്റ് സ്കാനിൽ പങ്കെടുക്കുവാൻ യോഗ്യരാണ്.

പങ്കെടുക്കുന്നവരെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ:-

ഗ്രൂപ്പ് -1 2011 ഒക്ടോബർ 1 നും 2014 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ച കുട്ടികൾ (രണ്ട് തീയതികളും ഉൾപ്പെടെ)
ഗ്രൂപ്പ് -2 2008 ഒക്ടോബർ 1 നും 2011 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ചവർ
ഗ്രൂപ്പ് -3 2005 ഒക്ടോബർ 1 നും 2008 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ചവർ
ഗ്രൂപ്പ് -4 2001 ഒക്ടോബർ 1 നും 2005 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ചവർ

ഈ വർഷം നാല് ഗ്രൂപ്പുകൾക്കുമായി മൊത്തം 147 വ്യക്തിഗത മത്സര ഇനങ്ങളും 7 ഗ്രൂപ്പ് ഇനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു മത്സരാർത്ഥിക്ക് 8 വ്യക്തിഗത ഇനത്തിലും കൂടാതെ എല്ലാ ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുക്കുവാൻ സാധിക്കും. ഗ്രൂപ്പ് ഇനങ്ങളിൽ നേടിയ പോയിന്റുകൾ വക്തിഗത ചാമ്പ്യൻഷിപ്പ് അവാർഡിനായി കണക്കാക്കില്ല, എന്നാൽ പോയിൻറ്റുകൾ സമനിലയാകുന്ന പക്ഷം ഗ്രൂപ്പ് ഇനങ്ങളിൽ നേടിയ പോയിന്റ്റ് അവാർഡ് നിർണയത്തിന് മാനദണ്ഡമാക്കും.

“ഇന്ത്യൻ ടാലന്റ്റ് സ്കാൻ എന്ന പേര് അന്വർഥമാക്കുവാനും, മഹത്തായ ഭാരതത്തിൻറ്റെ ബഹുഭാഷാ, ബഹു-സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നതിനായും ഞങ്ങൾ നിരവധി ദേശീയ, പ്രാദേശിക ഭാഷാ ഇനങ്ങൾ മത്സരത്തിൽ ഉൾപ്പെടുത്തുയിട്ടുണ്ട്. 2018ൽ അവലംബിച്ച പുതിയ നിയമങ്ങളും മത്സര ഇനങ്ങളും എല്ലാവരും അംഗീകരിക്കുകയും വിജയകരമായിരുന്നെന്നും കണ്ടെത്തി.” കെ.സി.‌എ ജനറൽ സെക്രട്ടറി ശ്രീ. വർഗ്ഗീസ് ജോസഫ് പറഞ്ഞു.

ഓരോ മത്സരാർത്ഥികളും പ്രത്യേക ഫോമുകൾ പൂരിപ്പിച്ചു നൽകേണ്ടുന്നതാണ്. (ഓൺ‌ലൈനായി www.kcabahrain.com ലും കെ‌സി‌എ ഓഫീസിലും ലഭ്യമാണ്). എൻ‌ട്രിഫോമുകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2019 ഒക്ടോബർ 15 ആയിരിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന വിജയികൾക്കുള്ള നിരവധി അവാർഡുകൾക്കും ട്രോഫികൾക്കും പുറമെ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും നൽകുന്നതായിരിക്കും.

ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് അവാർഡ്

ഓരോ ഗ്രൂപ്പിലും ഏറ്റവും ഉയർന്ന പോയിന്റ് നേടുകയും കുറഞ്ഞത് ഒരു ഒന്നാം സമ്മാനവും ഒരു A ഗ്രേഡും കരസ്ഥമാക്കുന്ന മത്സരാർത്ഥിക്ക് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് അവാർഡ് നൽകും. അവൻ / അവൾ കുറഞ്ഞത് 3 വ്യക്തിഗത വിഭാഗങ്ങളിൽ നിന്നുള്ള സമ്മാനങ്ങളും നേടണം കൂടാതെ ടീം ഇവൻറ്റുകളിലൊന്നിലെങ്കിലും പങ്കെടുത്തിരിക്കണം. കെ.സി.‌എ സ്പെഷ്യൽ ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് അവാർഡ് കെ.‌സി‌.എ അംഗങ്ങളായ കുട്ടികൾക്കു മാത്രമുള്ളതാണ്. ഓരോ ഗ്രൂപ്പിലും കുറഞ്ഞത് ഒരു ഒന്നാം സമ്മാനവും ഒരു A ഗ്രേഡും നേടി ഏറ്റവും കൂടുതൽ പോയിന്റ്റ് കരസ്ഥമാക്കുന്ന കെ‌.സി.‌എ അംഗമായാ മത്സരാർത്ഥിക്ക് ഈ അവാർഡ് നൽകും. അവൻ / അവൾ ഗ്രൂപ്പ് മത്സരത്തിലൊന്നിലും പങ്കെടുക്കണം.

കലപ്രതിഭ അവാർഡ്, കലാതിലകം അവാർഡ്

താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന ആൺകുട്ടികളിലും പെൺകുട്ടികളിലും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ആൺകുട്ടിക്ക് കലപ്രതിഭ അവാർഡും, പെൺകുട്ടിക്ക് കലാതിലകം അവാർഡും സർട്ടിഫിക്കറ്റിനൊപ്പം എവർ റോളിംഗ് ട്രോഫി സമ്മാനിക്കും:
1. കുറഞ്ഞത് ഒരു ഒന്നാം സമ്മാനവും ഒരു A ഗ്രേഡും നേടിയിരിക്കണം
2. കുറഞ്ഞത് 3 വ്യക്തിഗത വിഭാഗങ്ങളിൽ നിന്നുള്ള സമ്മാനങ്ങൾ നേടിയിരിക്കണം.
3. ഗ്രൂപ്പ് ഇവൻറ്റുകളിൽ നിന്ന് കുറഞ്ഞത് ഒരു എ / ബി ഗ്രേഡെങ്കിലും നേടിയിരിക്കണം
4. ഒരു മത്സര വിഭാഗത്തിൽ നിന്ന്, മികച്ച 5 ഫലങ്ങൾ മാത്രമേ പരിഗണിക്കൂ. (ഉദാ: സംഗീത രത്‌ന

വിഭാഗത്തിൽ നിന്ന് ഒരു കുട്ടി 6 സമ്മാനങ്ങൾ നേടിയാൽ, ആ വിഭാഗത്തിൽ നിന്ന് മികച്ച 5 ഫലങ്ങൾ മാത്രമേ പരിഗണിക്കൂ. ഈ അവാർഡ് ജേതാവ് ബഹുമുഖ പ്രതിഭ ആണെന്ന് ഉറപ്പാക്കാനാണിത്.) നാല് വിഭാഗങ്ങളിലും ഏറ്റവും കൂടുതൽ പോയിന്റ്റ് കരസ്ഥമാക്കുന്ന മത്സരാർത്ഥിക്കൾക്ക് പ്രത്യേക അവാർഡും കെ.സി.എ നൽകുന്നു. നാട്യ രത്‌ന അവാർഡ് ഡാൻസ് വിഭാഗത്തിൽ പങ്കെടുക്കുന്ന എല്ലാ ഗ്രൂപ്പുകളിലെ മത്സരാർഥികളിൽ ഏറ്റവും ഉയർന്ന പോയിന്റ്റ് നേടുകയും കുറഞ്ഞത് ഒരു ഒന്നാം സമ്മാനവും ഒരു A ഗ്രേഡും കരസ്ഥമാക്കുന്നവർക്കു സമ്മാനിക്കുന്നു. അവൻ / അവൾ ഗ്രൂപ്പ് മത്സരത്തിലൊന്നിലും പങ്കെടുത്തിരിക്കണം. അതുപോലെ സംഗീത രത്‌ന അവാർഡ്, കലാ രത്‌ന അവാർഡ്, സാഹിത്യ രത്‌ന അവാർഡ് എന്നിവ അതാത് വിഭാഗത്തിലെ വിജയികൾക്ക് സമ്മാനിക്കും.

സ്കൂളുകൾക്കും നൃത്ത അധ്യാപകർക്കുമുള്ള അവാർഡുകൾ സ്കൂളുകളുടെ പങ്കാളിത്വത്തിനും പ്രകടന മികവിനും ഉള്ള അവാർഡ്. ഇന്ത്യൻ ടാലന്റ്റ് സ്കാൻ 2019 ൽ പങ്കെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന സ്കൂളുകൾക്ക് പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണത്തിൻറ്റെ അടിസ്ഥാനത്തിലും, ആ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾക്ക് ലഭിച്ച മൊത്തം ഗ്രേഡ് പോയിൻറ്റുകളുടെ അടിസ്ഥാനത്തിലും പ്രത്യേക അവാർഡ് നൽകുകയും ആദരിക്കുകയും ചെയ്യും.

മികച്ച നൃത്ത അധ്യാപക അവാർഡ്

കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുവാൻ നൃത്ത അധ്യാപകർ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിക്കാനും കഴിവിനെ ആദരിക്കാനും വേണ്ടി ഈ വർഷം ഒരു പ്രത്യേക അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നു. മത്സരങ്ങൾക്ക് മുമ്പായി അല്ലെങ്കിൽ രജിസ്ട്രേഷൻ സമയത്ത് മത്സരാർത്ഥികൾ എഴുതി നൽകുന്ന അധ്യാപകരിൽ നിന്നുമാണ് ഇതു തിരഞ്ഞെടുക്കുന്നത്. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കടുപ്പിച്ചതും, വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം, ലഭിച്ച ഗ്രേഡുകൾ, പോയിന്റുകൾ, കുട്ടികൾ നേടിയ സമ്മാനങ്ങൾ എന്നിവയാണ് ഈ അവാർഡിന് മാനദണ്ഡം. ബഹ്‌റൈനിലെ പ്രമുഖ പണമിടപാട് സ്ഥാപനമായ ബി‌.എഫ്‌.സി യാണ് “ഇന്ത്യൻ ടാലന്റ്റ് സ്കാൻ 2019” ൻറ്റെ മുഖ്യ പ്രായോജകർ. “ഈ മെഗാ ഇവൻറ്റിൻറ്റെ ടൈറ്റിൽ സ്പോൺസർ ആകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, കാരണം ഇത് കുട്ടികളുടെ വ്യക്തിത്വവികസനത്തെ സഹായിക്കുന്നു, കൂടാതെ ഞങ്ങളുടെ വളർച്ചയും. മുൻകാലങ്ങളിലെന്നപോലെ കെ‌.സി‌.എ ഇത് വളരെ വിജയകരമാക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്” ബി‌.എഫ്‌.സി ജനറൽ മാനേജർ ശ്രീ. പാൻ‌സിലി വർക്കി പറഞ്ഞു.

ഓരോ മത്സര ഇനത്തിനും കെ.സി‌.എ അംഗങ്ങൾക്ക് ഒരു ദിനാറും, കെ‌.സി‌.എ അംഗങ്ങളല്ലാത്തവർക്ക് രണ്ട് ദിനാറും പ്രവേശന ഫീസ്സായി നിശ്ചയിച്ചുണ്ട്. ഡാൻസ് ഇനങ്ങൾക്കായി, അംഗങ്ങളല്ലാത്തവർക്ക് ഓരോ ഇനത്തിനും മൂന്ന് ദിനാറും, ഗ്രൂപ്പ് ഇവൻറ്റുകൾക്കായി, ഒരു ടീമിന് പത്തു ദിനാറും ആയിരിക്കും ഫീസ്. “ഇന്ത്യൻ ടാലന്റ്റ് സ്കാൻ 2019 ൻറ്റെ സുഗമമായ നടത്തിപ്പിന് 40 അംഗ സമിതി രൂപീകരിച്ചു. വളർന്നുവരുന്ന യുവപ്രതിഭകൾ അവരുടെ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുമ്പോൾ നവംബർ, ഡിസംബർ മാസങ്ങളിൽ കെ‌.സി‌.എ അങ്കണം ഉത്സവലഹരിയിൽ ആയിരിക്കും.

മുൻകാലങ്ങളെ പോലെ സുഗമമായ നടത്തിപ്പിനും ഉന്നത നിലവാരത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുവാനും ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുo. ഇതിന്റെ വിജയത്തിനായി എല്ലാ കെ‌.സി‌.എ അംഗങ്ങളും നൽകിയ പൂർണ്ണ പിന്തുണയിൽ ഞാൻ സന്തോഷിക്കുന്നു” ജനറൽ കൺവീനർ ശ്രീ. ലിയോ ജോസഫ് പറഞ്ഞു. ഇന്ത്യൻ ടാലന്റ്റ് സ്കാൻ 2019 ൻറ്റെ പൊതുവായ നിയമങ്ങളും മാനദണ്ഡങ്ങളും വിശദീകരിക്കുവാൻ വേണ്ടി ഒക്ടോബർ 4 ന് വൈകുന്നേരം 5 മണിക്ക് കെ.സി.എ ഓഡിറ്റോറിയത്തിൽ ക്രമീകരിച്ചിരിക്കുന്ന യോഗത്തിൽ എല്ലാ മത്സരാർത്ഥികളും, രക്ഷിതാക്കളും പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ജനറൽ കൺവീനർ ശ്രീ ലിയോ ജോസഫ് (38893534), ജോയിന്റ് കൺവീനർ ശ്രീ. ഷിജു ജോൺ (39243381) എന്നിവരെ ബന്ധപ്പെടുക.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!