ബാജി ഓടംവേലിക്ക് ബഹ്റൈൻ അക്ഷരവേദി ഓഗസ്റ്റ് 30 ന് യാത്രയയപ്പ് സംഘടിപ്പിക്കുന്നു

മനാമ: പതിനഞ്ചു വർഷം ബഹ്‌റൈൻ പ്രവാസിയായിരുന്ന എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനും കോളമിസ്റ്റുംഎന്നി നിലകളിൽ പ്രശസ്തനായ ബാജി ഓടംവേലി ബഹ്റൈനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് അമേരിക്കയിലേക്ക് പോകുന്നതിനാൽ ബഹ്‌റൈൻ സാഹിത്യ കൂട്ടായ്‌മയായ ബഹ്റൈൻ അക്ഷരവേദിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 30 തിന് വൈകിട്ട് 7.30 ന് സൽമാനിയയിലുള്ള ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറന്റിൽ വെച്ച് യാത്രയയപ്പ് നൽകുന്നതാണ്.
ബഹ്റൈനിലെ സാഹിത്യ, സാംസ്കാരിക, സാമൂഹ്യ മേഖലകളിലെ സജീവ സാന്നിദ്ധ്യമായിരുന്ന
അദ്ദേഹം ബഹ്റൈൻ മാർത്തോമാ പാരീഷിന്റെ ട്രസ്റ്റി, അക്ഷരവേദിയുടെ രക്ഷാധികാരി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരികയാണ്.

വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ ചാപ്റ്റർ രൂപികരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം കൺവീനറായി വിവിധ വർഷങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിവിധ ആനുകാലികങ്ങളിൽ കഥകളും കവിതകളും പ്രസിദ്ധീകരിച്ചു. മരുപ്പൊട്ടൽ, ബാജിയുടെ കഥകൾ തുടങ്ങി വിവിധ പുസ്തകങ്ങളുടെ രചയിതാവാണ്. നിരവധി നാടകങ്ങൾക്ക് അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്. ബഹ്‌റൈനിൽ നൂറിൽപ്പരം എഴുത്തുകാരെ സംഘടിപ്പിച്ചുകൊണ്ട് പവിഴമഴ എന്നപേരിൽ കവിത സമാഹാരവും മണൽ മർമ്മരങ്ങൾ എന്ന പേരിൽ കഥാ സമാഹാരവും പ്രസിദ്ധികരിച്ചിട്ടുണ്ട് . ദല ദുബായ് കഥാ പുരസ്‌കാരം അടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. ഭാര്യ മിനി ഓടംവേലി, മക്കൾ ഡാൻ, ദയ എന്നിവർ അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം