കച്ച് മേഖലയിലൂടെ പാകിസ്താന്‍ കമാന്‍ഡോകള്‍ നുഴഞ്ഞുകയറിയതായി സംശയം. ഇതേത്തുടർന്ന് ഗുജറാത്തിലെ എല്ലാ തുറമുഖങ്ങള്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. പാകിസ്ഥാനിൽ നിന്ന് പരിശീലനം നേടിയ കമാൻഡോകൾ മേഖലയിൽ നുഴഞ്ഞു കയറിയിരിക്കാമെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് കനത്ത ജാഗ്രതാ നിർദേശവും പരിശോധനയും ആരംഭിച്ചത്. ഗുജറാത്ത് തീരത്ത് ബി എസ് എഫും കോസ്റ്റ് ഗാര്‍ഡും മറ്റ് സുരക്ഷാ ഏജന്‍സികളും അതീവജാഗ്രതയിലാണ്. തീരപ്രദേശത്തും, തീരത്തിന് അടുത്തും നങ്കൂരമിട്ടിരിക്കുന്ന എല്ലാ കപ്പലുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഷിപ്പിംഗ് ഏജന്‍റുമാർക്കും ജാഗ്രതാ നിർദേശമുണ്ട്. സംശയകരമായ എന്ത് സംഭവമുണ്ടായാലും തൊട്ടടുത്ത തീരദേശ സേനാ സ്റ്റേഷനിലോ, മറൈൻ പൊലീസ് സ്റ്റേഷനിലോ, തുറമുഖ നിയന്ത്രണ കേന്ദ്രത്തിലോ അറിയിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാകിസ്താന്‍ നാവികസേനയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടാകാന്‍ സാധ്യതയുള്ളതായി കഴിഞ്ഞദിവസം ഇന്ത്യന്‍ നാവികസേനാ മേധാവി മുന്നറിയിപ്പ് നല്‍കിയിരുന്നു.