ബെംഗളൂരു: ഇന്ത്യയുടെ അഭിമാനനേട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ചന്ദ്രയാൻ-2 സോഫ്റ്റ് ലാൻഡിംഗിനായി ഒരുങ്ങിക്കഴിഞ്ഞു. ശനിയാഴ്ച പുലർച്ചെ ഒന്നരയ്ക്കും രണ്ടരയ്ക്കുമിടയിൽ ഇന്ത്യയുടെ ചന്ദ്രയാൻ-രണ്ടിന്റെ ഭാഗമായ ലാൻഡർ ഇറങ്ങും. 46 ദിവസം മുമ്പാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ രണ്ട് വിക്ഷേപിക്കപ്പെട്ടത്. ഒന്നരമാസത്തെ യാത്രക്കൊടുവിലാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യം ലക്ഷ്യത്തിലെത്താൻ പോകുന്നത്. ഉത്കണ്ഠയും ആകാംക്ഷയും നിറഞ്ഞ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും തെരഞ്ഞെടുക്കപ്പെട്ട എഴുപതോളം വിദ്യാർത്ഥികളും ബെംഗളൂരുവിലെത്തിയിട്ടുണ്ട്. ജൂലായ് 22-നാണ് ബാഹുബലി എന്ന വിശേഷണമുള്ള ജി.എസ്.എൽ.വി. മാർക്ക് മൂന്ന് റോക്കറ്റ് 3.8 ടൺ ഭാരമുള്ള ചന്ദ്രയാൻ-2നെ ഭൂമിയുടെ അടുത്തുള്ള ഭ്രമണപഥത്തിലെത്തിച്ചത്. എല്ലാം നല്ലനിലയിൽ പ്രവർത്തിക്കുന്നുവെന്നും ലാൻഡറിനെ സുരക്ഷിതമായി ഇറക്കാൻ കഴിയുമെന്നും ഐ.എസ്.ആർ.ഒ. അറിയിച്ചു. ദൗത്യം വിജയിക്കുന്നതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ നേടിയ നേട്ടം ഇന്ത്യയും സ്വന്തമാക്കും.