തിരുവനന്തപുരം: ഓണക്കാലത്ത് നാട്ടിലേക്കെത്തുന്ന പ്രവാസികളെ ദുരിതത്തിലാക്കുന്ന വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കുറവാണ്. എന്നാൽ ഓണാഘോഷം കഴിഞ്ഞ് തിരിച്ചുപോകുന്നവർക്ക് വൻ ടിക്കറ്റ് നിരക്ക് നൽകേണ്ട അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്. ഗൾഫിലെ സ്കൂൾ അവധിക്കാലത്ത് നാട്ടിലെത്തിയവർ ഓഗസ്റ്റ് അവസാനത്തോടെ മടങ്ങി പോയതാണ് ഓണസമയത്ത് ടിക്കറ്റ് നിരക്ക് കുറയാൻ ഇടയായത്. കഴിഞ്ഞ വർഷം ഓണം-ബക്രീദ് ഒരുമിച്ച് വന്നതാണ് പ്രവാസികൾ പ്രതിസന്ധിയിലാക്കിയത്. സാധാരണയേക്കാൾ അഞ്ചിരട്ടി കൂടുതൽ തുക നൽകിയാണ് പ്രവാസികൾ ഓണത്തിന് നാട്ടിലേക്കെത്തിയത്. ഓണത്തിന് രണ്ട് ദിവസം മുൻപ് ദുബായിൽ നിന്ന് കൊച്ചിയിലേക്ക് 10,000 രൂപയും തിരുവനന്തപുരത്തേക്ക് 20,000 രൂപയുമാണ് കുറഞ്ഞ നിരക്ക്. എന്നാൽ ഓണത്തിന് ശേഷമുളള ദിവസങ്ങളിൽ കേരളത്തിൽ നിന്നും ദുബായിലേക്കുളള യാത്രക്ക് മൂന്നിരട്ടി വരെ കൂടുതൽ നൽകേണ്ട സാഹചര്യമുണ്ട്. സെപ്റ്റംബർ 14 ന് യാത്രക്കാർ ഉയർന്ന ടിക്കറ്റ് നിരക്ക് നൽകേണ്ടി വരും. നിലവിൽ ബഹ്റൈനിൽ നിന്നും 12000 രൂപയിൽ താഴെയാണ് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം മേഖലകളിലേക്കുള്ള കുറഞ്ഞ നിരക്ക്. അതേ സമയം കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് താരതമ്യേന കൂടുതലുമാണ്.