ബെംഗളൂരു: ചന്ദ്രയാൻ 2 ദൗത്യം അവസാനഘട്ടത്തിൽ ലക്ഷ്യം കാണാത്തതിനെ തുടർന്ന് നിരാശരായ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസമേകി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരിച്ചടിയിൽ തളരരുതെന്നും രാജ്യം നിങ്ങള്‍ക്കൊപ്പമുണ്ടെന്നും മോദി പറഞ്ഞു. സോഫ്റ്റ് ലാന്‍ഡിങ്ങിന് തൊട്ടുമുമ്പാണ് ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. നാം ഇനിയും മുന്നോട്ടു പോവുകയും വിജയത്തിന്റെ ഉയരങ്ങള്‍ കീഴടക്കുകയും ചെയ്യും. ശാസ്ത്രജ്ഞർ രാജ്യത്തിനായി ജീവിതം ഉഴിഞ്ഞ് വച്ചവരാണ്. ലക്ഷ്യത്തിൽ നിന്ന് ഒരിക്കലും നിങ്ങൾ പിന്നോട്ട് പോകരുത്. വീണ്ടും പരിശ്രമങ്ങൾ തുടരണം. രാജ്യം മുഴുവൻ നിങ്ങള്‍ക്ക് ഒപ്പമുണ്ടെന്നും ശാസ്ത്രജ്ഞന്മാരെ ആശ്വസിപ്പിച്ചു കൊണ്ട് മോദി പറഞ്ഞു.