അബുദാബി: ഒക്ടോബർ 15 മുതൽ അബുദാബി റോഡുകളില്‍ ടോള്‍ പ്രാബല്യത്തില്‍ വരും. അബുദാബിയിലെ പ്രധാന പാലങ്ങളായ ശൈഖ് സായിദ്, ശൈഖ് ഖലീഫ ബിൻ സായിദ് പാലം, അൽ മക്താ പാലം, മുസ്സഫ പാലം എന്നിവയിലായി നാല് ടോൾ ഗേറ്റുകളാണ് നിർമിച്ചിട്ടുള്ളത്. ടോൾ സ്ഥാപിക്കുന്നതിലൂടെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും പ്രാദേശിക ഗതാഗത മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുകയുമാണ് ലക്ഷ്യം. ജനങ്ങൾക്ക് ടോൾ രജിസ്ട്രേഷനായി അബുദാബി ഗതാഗത വകുപ്പിന്റെ വെബ്സൈറ്റോ ഏതെങ്കിലും അബുദാബി സർക്കാർ സേവന കേന്ദ്രങ്ങളോ ഉപയോഗിക്കാവുന്നതാണ്. അബുദാബി എമിറേറ്റിലേക്ക് പോകുന്ന റോഡുകൾ ഉപയോഗിക്കുന്നവർ നിർബന്ധമായും ടോൾ രജിസ്റ്റർ ചെയ്തിരിക്കണം. ഒരു വാഹനത്തിന് രജിസ്‌ട്രേഷൻ ഫീസായി 50 ദിർഹമാണ് ഈടാക്കുന്നത്. ഒക്ടോബർ 15-ന് മുമ്പ് എമിറേറ്റിൽ സൗജന്യമായി വാഹനങ്ങൾ രജിസ്റ്റർ ചെയ്യാം. മറ്റ് എമിറേറ്റുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹന ഉപയോക്താക്കള്‍ക്ക് ടോൾ ഗേറ്റുകൾ കടക്കുന്നതിനുമുമ്പ് വെബ്‌സൈറ്റിൽ അവരുടെ അക്കൗണ്ടിൽ പ്രവേശിച്ച് ടോൾ സിസ്റ്റത്തിലൂടെ രജിസ്റ്റർ ചെയ്യാം.