കല്യാൺ ജൂവലേഴ്‌സിനെതിരെ വ്യാജ രേഖകൾ ചമച്ച് തമിഴ്‌നാട്ടിൽ ചില ഓൺലൈൻ മീഡിയകളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ അവതരിപ്പിച്ചതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ തൃശൂർ പോലീസ് സ്റ്റേഷനിൽ നൽകിയിരുന്ന കേസിൽ പുതിയ വഴിത്തിരിവ്. കേസിൽ മുഖ്യ സ്ഥാനത്തുള്ള പരസ്യ സംവിധായകൻ ശ്രീകുമാർ മേനോനെ പോലീസ് പലവട്ടം ചോദ്യം ചെയ്ത ശേഷം ഇപ്പോൾ ഈ കേസിൽ ബന്ധമുള്ള ഗോകുൽ പ്രസാദ് എന്നയാളെയും ചോദ്യം ചെയ്യാൻ തൃശ്ശൂരിൽ വിളിപ്പിച്ചു . ഗോകുലിനെ പ്രതിചേർത്ത പോലീസ് റിപ്പോർട്ട് കോടതിയ്ക്ക് കൊടുത്തിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് ഗോകുൽ.
നേരത്തെ കല്യാൺ ജൂവല്ലേഴ്സിന്റെ പല പ്രൊഡക്ഷൻ കരാർ ജോലികളും ഏറ്റെടുത്ത് ചെയ്തിരുന്ന മേനോനെ പിന്നീട് കരാർ ജോലിയിൽ നിന്ന് നീക്കം ചെയ്തതിനെ തുടർന്നാണ് അദ്ദേഹം ചില ഓൺലൈൻ മാധ്യമ പ്രവർത്തകരെ കൂട്ടുപിടിച്ച് ഗൂഢാലോചനയുടെ അവ്യകത്മായ വാർത്തകൾ സൃഷ്ടിച്ച് കല്യാണിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതെന്നാണ് കേസ് വന്നിരിക്കുന്നത്. പ്രഥമദൃഷ്ട്യാ തന്നെ ഗൂഢാലോചനക്കാരുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ പോലീസ് കല്യാണിന്റെ പരാതിയിൽ പ്രതികൾക്കെതിരെ അന്വേഷണം ആരംഭിച്ച് ചോദ്യം ചെയ്യൽ നടത്തിയിരുന്നു . പരസ്യ സംവിധായകനെ 3 തവണ ചോദ്യം ചെയ്തിട്ടുണ്ട് . കൂട്ടാളിയായ മറ്റൊരു ഓൺലൈൻ മീഡിയ പ്രവർത്തകൻ മാത്യു സാമുവലിനെ തൃശൂർ ഈസ്റ്റ് പോലീസ് അന്വേഷിക്കുന്നുണ്ട്. ഓണം കഴിഞ്ഞു തുടർ നടപടികൾ ഉണ്ടാകുമെന്ന് തൃശൂർ പോലീസ് വ്യക്തമാക്കി.