“പാൻ ബഹ്റൈൻ – നസ്രത്ത് ചാരിറ്റി വില്ല”: താക്കോൽ കൈമാറി

മനാമ: ബഹ്റൈനിലെ സാമൂഹിക ജീവകാരുണ്യ സംഘടനയായ പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹറിൻ) അങ്കമാലിയിലെ നസ്രത്ത് ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചുകൊണ്ട് പണികഴിപ്പിച്ച ഭവനത്തിൻറെ താക്കോൽദാനം സെപ്റ്റംബർ മാസം ഏഴാം തീയതി വൈകിട്ട് 4.30 -ന് അങ്കമാലിക്കടുത്ത് തുറവൂർ പഞ്ചായത്തിൽ വാതക്കാട് നസ്രത്ത് ചാരിറ്റി വില്ല പ്രൊജക്റ്റിൽ വച്ച് നടന്നു. അങ്കമാലി എംഎൽഎ റോജി എം ജോൺ, പാൻ പ്രസിഡണ്ട് പി വി മാത്തുക്കുട്ടി, മുൻ പ്രസിഡൻറ് പൗലോസ് പള്ളിപ്പാടൻ, തുറവൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ വൈ വർഗീസ്, വാർഡ് മെമ്പർ ജയ്സൺ, വാതക്കാട് ഇടവക വികാരി ഫാദർ ജോഷി ചിറക്കൽ, മാനേജിങ് ട്രസ്റ്റി ഫ്രാൻസിസ് കൈതാരത്ത്, പാൻ കോഡിനേറ്റഴ്സ് റോയി, ഡേവിസ്, മറ്റ് സാമൂഹിക രാഷ്ട്രീയ നേതാക്കളുടെയും പാൻ കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ നിർധനയും വിധവയും രണ്ട് പെൺകുട്ടികളുടെ മാതാവുമായ രേഷ്മ സന്തോഷിനാണ് ഈ ഭവനം കൈമാറിയത്.

കഴിഞ്ഞവർഷം പ്രഖ്യാപിച്ച ഒരു “നിർധന കുടുംബത്തിന് ഭവനം” എന്ന പദ്ധതിയാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ഈ ലക്ഷ്യം സാധൂകരിക്കുന്നതിന് സഹായിച്ച എല്ലാ അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും നന്ദിയോടെ ഓർക്കുന്നു എന്നു പാൻ ചാരിറ്റി കമ്മിറ്റി കൺവീനർ ആയ ശ്രീ. റെയ്സൺ വർഗീസ് പറഞ്ഞു.

 

“ഗ്രേസി ഡോമിനിക്” യഥാർത്ഥ മനുഷ്യസ്നേഹി!

പാൻ ബഹറിൻ ആദ്യം കണ്ടെത്തിയതും “പാൻ നസ്രത്ത് ചാരിറ്റി വില്ല” കൊടുക്കാൻ തീരുമാനിച്ചതും തുറവൂർ പഞ്ചായത്തിൽ പെട്ട ഗ്രേസി ഡൊമിനിക് എന്ന സ്ത്രീയുടെ കുടുംബത്തിനായിരുന്നു. എന്നാൽ ആ വലിയ മനസ്സിന്റെ ആവശ്യപ്രകാരമാണ് “അവരെക്കാൾ കഷ്ടത അനുഭവിക്കുന്ന” രേഷ്മ സന്തോഷിൻറെ കുടുംബത്തിന് വീട് നൽകാൻ തീരുമാനിച്ചത്.
ഹൃദയവിശാലതക്ക് ഒരു അംഗീകാരം എന്ന നിലയിൽ മനുഷ്യ സ്നേഹത്തിൻറെ ഉദാത്ത മാതൃകയായ ഗ്രേസിക്ക്, ശ്രീ. ഫ്രാൻസിസ് കൈതാരത്ത് ഒരു ഭവനനിർമ്മാണത്തിന് ആവശ്യമായ സ്ഥലം നൽകാനുള്ള സമ്മത പത്രവും, പാരിതോഷികമായി 10,000/- രൂപയും വേദിയിൽ വെച്ച് കൈമാറി.

ഫൈസൽ എന്ന മുസ്ലിം സഹോദരൻ ഗ്രേസി എന്ന ക്രിസ്ത്യാനിയായ സഹോദരിക്ക് വേണ്ടി സഹായ അഭ്യർത്ഥന വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കി. പാൻ ബഹറിൻ സഹായഹസ്തവുമായി ഗ്രേസിയെ സമീപിച്ചപ്പോൾ ഗ്രേസി അവരെക്കാൾ അവശതയനുഭവിക്കുന്ന ഒരു ഹൈന്ദവ കുടുംബം തുറവൂരിൽ വാടകയ്ക്ക് താമസിക്കുന്നതായി അറിയിക്കുകയായിരുന്നു.

മാനുഷികമൂല്യങ്ങൾക്ക് നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ആധുനിക കാലഘട്ടത്തിൽ മനുഷ്യ സമൂഹത്തിൽ നിന്ന് കാരുണ്യത്തിൻറെ ഉറവ വറ്റിയിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ശ്രീമതി ഗ്രേസി ചെയ്ത പ്രവർത്തിയിലൂടെ നാം മനസ്സിലാക്കേണ്ടത് എന്ന് ശ്രീ. ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. സ്നേഹത്തിനു മുൻപിൽ ജാതിയും മതവും രാഷ്ട്രീയവും അപ്രസക്തമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.