ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് അധ്യാപക ദിനം ആഘോഷിച്ചു

മനാമ: ഇന്ത്യൻ തത്ത്വചിന്തകനും മുൻ രാഷ്ട്രപതിയുമായ ഡോ. എസ്. രാധാകൃഷ്ണന് സ്മരണാഞ്ജലി അർപ്പിച്ച് ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ അധ്യാപക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ നിലവിളക്കു കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷീദ് ആലം, അഡ്വ ബിനു മണ്ണിൽ വറുഗീസ്, രാജേഷ് നമ്പ്യാർ, അജയകൃഷ്ണൻ വി, പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു. അറിവിനെ പ്രകാശിപ്പിക്കുന്ന സൂചകമായി അധ്യാപകർ ദീപം കൈമാറി.

പരിപാടി സംഘടിപ്പിക്കുന്നതിൽ ടീം റിഫയുടെ ശ്രമങ്ങളെ പ്രശംസിച്ച പ്രിൻസ് എസ് നടരാജൻ അധ്യാപകരുടെ നേട്ടങ്ങൾക്കും അർപ്പണബോധത്തിനും അഭിനന്ദനങ്ങൾ അറിയിച്ചു. അദ്ധ്യാപനമെന്ന പരിപാവനമായ തൊഴിൽ തിരഞ്ഞെടുത്തതു അവരുടെ പ്രതിബദ്ധതയും നിസ്വാർത്ഥതയും കാണിക്കുന്നതായി അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള സാങ്കേതിക മുന്നേറ്റങ്ങൾ ഇന്ത്യയുടെ വിദ്യാഭ്യാസ പുരോഗതിയുടെ സാക്ഷ്യമാണെന്ന് ചെയർമാൻ പരാമർശിച്ചു. സ്‌കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ നേർന്ന അദ്ദേഹം എല്ലാ മേഖലകളിലെയും വിദ്യാർത്ഥികളുടെ കഴിവുകളെ പുറത്തെടുക്കാൻ സഹായിക്കുന്ന അധ്യാപകരെ അഭിനന്ദിച്ചു. ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ ദൗത്യം ചന്ദ്രയാൻ -2 നു ചുക്കാൻ പിടിച്ച ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‌റോ) ടീമിന് യോഗം അഭിനന്ദനം അറിയിച്ചു.

പ്രിൻസിപ്പൽ പമേല സേവ്യർ സ്വാഗതം പറഞ്ഞു. അധ്യാപന രംഗത്തു മികച്ച പ്രവർത്തനം തുടരുന്ന അധ്യാപകരെ അവർ അഭിനന്ദിച്ചു. വിജ്ഞാന സമ്പാദനത്തിന്റെ പാതയിൽ ആവേശത്തോടെയും സന്തോഷത്തോടെയും മുന്നേറുന്ന അവരെ പമേല സേവ്യർ ആശംസകൾ അറിയിച്ചു. എല്ലാ അടിസ്ഥാന പഠനങ്ങളും നടക്കുന്ന വിദ്യാഭ്യാസ പ്രക്രിയയുടെ മൂലക്കല്ലായ കിന്റർഗാർട്ടനിലെയും പ്രാഥമിക വിഭാഗങ്ങളിലെയും അധ്യാപകരുടെ കഠിനാധ്വാനം ശ്രദ്ദേയമാണെന്നു അവർ പറഞ്ഞു. ഒരു ‘ഓണം’ സദ്യയോടെ ആഘോഷങ്ങൾക്ക് ശുഭ പര്യവസാനമായി.