മനാമ: ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ‘ശ്രാവണം 2019’ ന്റെ ഭാഗമായി മലയാളം ഷോർട്ട് ഫിലിം ‘കൊതിയന്‍’ ഈ വരുന്ന സെപ്തംബർ 14 ശനിയാഴ്ച വൈകിട്ട് 8.30 ന് ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ പ്രദര്‍ശിപ്പിക്കുന്നു. ബഹ്‌റൈൻ പ്രവാസിയായ അരുൺ പോൾ രചനയും സംവിധാനവും നിർവഹിച്ച ‘കൊതിയൻ ‘ ഇതിനോടകം തന്നെ ഏഴോളം ദേശീയ-അന്തർ ദേശിയ ഫിലിം ഫെസ്ടിവലുകളിൽ പ്രദർശനത്തിനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർ ഭൂരിഭാഗവും ബഹ്‌റൈൻ പ്രവാസി മലയാളികൾ തന്നെയാണ്.
കോൺവെക്സ് പ്രൊഡക്ഷൻ ബഹ്‌റൈന്റെ സഹകരണത്തോടെ നിർമ്മിച്ച ചിത്രത്തിൽ അനന്തകൃഷ്ണൻ, ഹന്ന, അഭിഷേക്, നോയൽ, നിവേദിത തുടങ്ങി പത്തോളം പ്രവാസി മലയാളി കുട്ടികൾക്കൊപ്പം ബഹ്‌റൈനിലെ അറിയപ്പെടുന്ന കലാകാരന്മാരായ മനോജ് മോഹൻ, സൗമ്യ കൃഷ്ണ പ്രസാദ്, അച്ചു അരുൺ രാജ്, ജയ ഉണ്ണികൃഷ്ണൻ, സുരേഷ് പെണ്ണൂക്കര തുടങ്ങിയവരും അഭിനയിക്കുന്നു. കുട്ടികൾക്ക് പ്രാധാന്യം നൽകി നിർമ്മിച്ച നാല്പത് മിനിറ്റ് ദൈർഘ്യമുള്ള ഈ ചെറു ചിത്രം അനന്തു എന്ന കുട്ടി കൊതിയന്റെയും കൂട്ടുകാരുടെയും കഥ പറയുന്നു. ബഹ്‌റൈൻ പ്രവാസികളുടെ സിനിമാ സൗഹൃദ കൂട്ടായ്മയായ ‘team cine monkz’ അണിയിച്ചൊരുക്കിയ ‘കൊതിയന്റെ’ സഹനിർമ്മാണം ബിജു ജോസഫ്, ഗോപൻ ടി ജി എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്
ചിത്രത്തിന്റെ ആദ്യ പൊതു പ്രദർശനം സിനിമാ താരം പെപ്പെ (ആന്റണി വർഗ്ഗീസ്) യുടെ സാന്നിധ്യത്തിൽ ഇക്കഴിഞ്ഞ ജൂണിൽ സംഘടിപ്പിച്ചിരുന്നു. നിറഞ്ഞ കയ്യടികളോടെ സ്വീകരിക്കപ്പെട്ട ഈ ചെറു ചിത്രം ഒരിക്കൽ കൂടി ബഹ്‌റൈൻ മലയാളി പ്രവാസികൾക്കായി പ്രദർശിപ്പിക്കാൻ വേദിയൊരുക്കിയ ബഹ്‌റൈൻ കേരളീയ സമാജത്തിന് നന്ദി അറിയിച്ച ‘team cine monkz’ ഭാരവാഹികൾ, മുഴുവൻ ബഹ്‌റൈൻ പ്രവാസികളെയും ഈ ചെറു സിനിമാ കാഴ്ചയിലേക്ക് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.