തുടർ ചികിത്സക്കായി ‘ഭൂമിനാഥൻ’ നാട്ടിലേക്ക് മടങ്ങി; ഗൾഫ് കിറ്റും ചികിത്സാ സഹായവും കൈമാറി ‘ഹോപ്/ പ്രതീക്ഷാ ബഹ്റൈൻ’

മനാമ: ഹൃദയത്തിനും കരളിനും ഗുരുതര പ്രശ്നങ്ങൾ ബാധിച്ച്, ഓപ്പറേഷനും മറ്റു തുടർചികത്സയ്ക്കുമായി നാട്ടിലേയ്ക്ക് മടങ്ങിയ തമിഴ്‌നാട് സ്വദേശി ഭൂമിനാഥന് ‘ഹോപ്പ് /പ്രതീക്ഷ ബഹ്‌റൈൻ’ ചികിത്സാ സഹായം കൈമാറി. ബഹ്‌റൈനിലെ ഒരു സ്വകാര്യ ക്‌ളീനിംഗ് കമ്പനിയിൽ ശുചീകരണ തൊഴിലാളിയായിരുന്ന ഇദ്ദേഹത്തിന്റെ മകനും ഹൃദയ സംബന്ധമായ അസുഖത്തിന് ഓപ്പറേഷന് വിധേയമായിരുന്നു. മകന്റെ ചികിത്സാ ആവശ്യത്തിന് പലരിൽ നിന്നായി വാങ്ങിയ കടം ജോലി ചെയ്‌ത്‌ വീട്ടുക എന്ന ഉദ്ദേശത്തോടെ, വളരെ ദരിദ്രമായ ചുറ്റുപാടിൽ നിന്നും ബഹ്റൈനിലെത്തിയ ഇദ്ദേഹത്തിന്റെ രോഗാവസ്ഥയും ദയനീയമെന്ന് മനസിലാക്കിയ ‘പ്രതീക്ഷ’ അംഗങ്ങൾ സഹായ ഹസ്തവുമായി മുമ്പോട്ട് വരികയായിരുന്നു. അംഗങ്ങളിൽ നിന്നും സമാഹരിച്ച RS 1,14,714.00 (ഒരുലക്ഷത്തി പതിനാലായിരത്തി എഴുന്നൂറ്റി പതിനാല് രൂപ) ഇദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. കൂടാതെ വെറും കൈയോടെ മടങ്ങിയ ഇദ്ദേഹത്തിന്റെ മക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കുമുള്ള സമ്മാനങ്ങൾ അടങ്ങിയ ബാഗ്-ഗൾഫ് കിറ്റ് കൈമാറുകയും ചെയ്തു.