സൗദിയിലെ അരാംകോ എണ്ണ സംസ്‌കരണ കേന്ദ്രത്തിന് നേരെ ഡ്രോണ്‍ ആക്രമണം; വൻ തീപിടിത്തവും സ്‌ഫോടനവും

റിയാദ്: സൗദി അറേബ്യയിലെ എണ്ണക്കമ്പനിയായ അരാംകോയുടെ സംസ്‌കരണ കേന്ദ്രത്തിന് നേരെ ഡ്രോണ്‍ ആക്രമണം. ശനിയാഴ്ച പുലര്‍ച്ചെ ഉണ്ടായ ആക്രമണത്തെ തുടർന്ന് വന്‍ സ്ഫോടനവും തീപിടിത്തവുമുണ്ടായി. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ദമ്മാമിനടുത്ത് ബുഖ്യാഖിലുള്ള അരാംകോയുടെ എണ്ണ സംസ്‌കരണ ശാലയിലാണ് സംഭവം. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്ന് വ്യക്തമല്ല. നിലവിൽ തീ നിയന്ത്രണവിധേയമാണെന്നാണ് റിപ്പോര്‍ട്ട്. നാശനഷ്ടം സംബന്ധിച്ചുള്ള വിവരങ്ങളും പുറത്ത് വന്നിട്ടില്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ ശാലകളിലൊന്നാണിത്.