പ്രശസ്ത മാപ്പിളപാട്ട് ഗായകനും മുൻ ബഹ്റൈൻ പ്രവാസിയുമായ കുഞ്ഞിമൂസക്ക വിടവാങ്ങി

മനാമ: പ്രശസ്ത മാപ്പിളപാട്ട് ഗായകൻ കുഞ്ഞിമൂസക്ക (91) അന്തരിച്ചു. ഏറെ കാലം ബഹ്റൈൻ പ്രവാസിയായിരുന്ന മൂസക്ക 1994 വരെ ബഹ്റൈൻ കേരളീയ സമാജത്തിലെ ജീവനക്കാരനായിരുന്നു. പാട്ടിനോടും പാട്ടുകാരോടും ഏറെ ഇഷ്ടങ്ങൾ കാത്തു സൂക്ഷിച്ച വ്യക്തിത്വമായിരുന്നു എം കുഞ്ഞിമൂസ.  കുഞ്ഞിമൂസക്കയെ ഒരു ഗായകനായി വളര്‍ത്തിയെടുത്തതില്‍ നിര്‍ണായക പങ്കുവഹിച്ചത് കെ രാഘവന്‍ മാസ്റ്ററായിരുന്നു. 1967 മുതല്‍ കോഴിക്കോട് ആകാശവാണിയുടെ ശ്രോതാക്കൾക്ക് ചിരപരിചിതമായി മാറി അദ്ദേഹത്തിന്റെ ശബ്ദം. ബ്രഹ്മാനന്ദന്‍, പി ലീല, മച്ചാട് വാസന്തി, ഉദയഭാനു, ഗോകുലബാലന്‍ എന്നിവര്‍ക്കൊപ്പം ആകാശവാണിയുടെ സ്ഥിരം ഗായകനായിരുന്നു അദ്ദേഹം.

പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകൾ നോവൽ നാടകമാക്കിയപ്പോൾ പി ടി അബ്ദുറഹിമാന്റെ വരികൾ ചിട്ടപ്പെടുത്തിയത് മൂസക്കയാണ്. മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍പാട്ട്, ബദറുല്‍ മുനീര്‍, ഹുസ്നുല്‍ ജമാല്‍ പാട്ടുകൾ പുതിയ ശൈലിയില്‍ ചിട്ടപ്പെടുത്തി ജനകീയമാക്കി മാറ്റി മൂസക്ക. പൂവച്ചല്‍ ഖാദര്‍, അക്കിത്തം, ജി ശങ്കരക്കുറിപ്പ്, തിക്കോടിയന്‍, പി.ടി അബ്ദുറഹ്മാൻ, എസ്. വി ഉസ്മാൻ, ശ്രീധരനുണ്ണി തുടങ്ങിയവരുടെ രചനകള്‍ക്ക് സംഗീതം നല്‍കിയിരുന്നു. അനവധി നാടകഗാനങ്ങള്‍ക്കും സംഗീതം നിര്‍വഹിച്ചിരുന്നു. 2000-ല്‍ കേരള സംഗീത നാടക അക്കാദമി പുരസ്കാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍ കുഞ്ഞിമൂസക്കയെ ആദരിച്ചിരുന്നു.

ബഷീര്‍ തിക്കോടി ‘പാട്ടും ചുമന്നൊരാള്‍’ എന്ന പേരിൽ എം.കുഞ്ഞിമൂസയുടെ ജീവചരിത്രം എഴുതിയിട്ടുണ്ട്. തൊണ്ണൂറാം വയസ്സിൽ ടി അബ്ദുറഹിമാൻ പുരസ്കാരം മൂസക്കയെ തേടിയെത്തി. യേശുദാസ്, മാർക്കോസ്, കണ്ണൂർ ശരീഫ്, രഹ്ന, അഫ്സൽ, അജയൻ, മൂസ എരഞ്ഞോളി, പീർ മുഹമ്മദ്, ലിയാഖത്ത്, എം എ ഗഫൂർ, താജുദ്ദീൻ വടകര, കണ്ണൂർ രാജൻ, എസ് എം കോയ, സിബില, ശ്രീലത രജീഷ്, സിന്ധു പ്രേംകുമാർ, മച്ചാട്ട് വാസന്തി തുടങ്ങി നിരവധി പേർ മൂസക്കയുടെ സംഗീത സംവിധാനത്തിൽ പാടിയിട്ടുണ്ട്.

മാപ്പിളപ്പാട്ട് ഗായകന്‍ താജുദ്ദീന്‍ വടകര മൂസക്കയുടെ മകനാണ്. കുഞ്ഞിമൂസക്കയുടെ തന്നെ പാട്ടായ “നെഞ്ചിനുള്ളില്‍ നീയാണ്…”എന്ന പാട്ട് പാടിയാണ് മകന്‍ താജൂദീന്‍ വടകര 2000-ത്തിന്‍റെ ആരംഭത്തില്‍ മലയാളത്തിലെ മാപ്പിളപ്പാട്ട് രംഗത്തെ ഇളക്കിമറിച്ചത്. കുഞ്ഞിമൂസക്കയുടെ നിര്യാണത്തിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ആദരാജ്ഞലി അർപ്പിച്ചു.