മനാമ: രാജ്യത്തെ സാമ്പത്തിക വിനിമയങ്ങളുടെ കാര്യത്തിൽ പുതിയ മുന്നേറ്റം സൃഷ്ടിക്കുകയാണ് സദാദ് ബഹ്‌റൈൻ. ക്യൂ നിന്ന് ബില്ലുകളും മറ്റും അടച്ചിരുന്ന കാലത്തിനു വിട നൽകിയാണ് നിരവധി കിയോസ്ക് മെഷീനുകൾ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ സദാദ് സ്ഥാപിച്ചത്. ഫോൺ ബില്ലുകൾ മുതൽ EWA ബില്ലുകൾ വരെ അടക്കാൻ കാത്തു നിന്നവർക്ക് ഇവ ഏറെ സഹായകരമായിരുന്നു. കിയോസ്‌ക് മെഷീനുകളിൽ നിന്നും മൊബൈൽ ആപ്ലിക്കേഷനിലേക്കും സദാദ് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചപ്പോൾ ഇന്ന് അനുദിനം നിരവധി മേഖലകളിലും ഫീസുകളും ബില്ലുകളും അടക്കാനുള്ള പങ്കാളിത്ത കരാർ പുതുക്കിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനമായി പുറത്തുവരുന്നത് ബഹ്‌റൈനിലെ ബ്രിട്ടീഷ് യൂണിവേഴ്സിറ്റി ട്യൂഷൻ ഫീസും ഇനി സദാദ് വഴി അടക്കാമെന്ന വാർത്തയാണ്. ഇതിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും നൽകുന്ന ഓൺലൈൻ എക്സ്പ്രസ്സ് പേയ്മെന്റ് സംവിധാനം വഴിയും അടക്കാം. അവസാന വാരമായിരുന്നു ഇന്ത്യൻ സ്കൂൾ ഫീസുകൾ ഇനി സദാദ് വഴി അടക്കാമെന്നത് ധാരണയിലെത്തിയത്.
അനുദിനം പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്ന സദാദ് ഇതോടെ രാജ്യത്തെ ഏറ്റവും വിശ്വാസ്യതയേറിയ നൂതന പേയ്മെന്റ് ചാനൽ എന്ന ഖ്യാതി നേടി മുന്നേറുകയാണെന്ന് പ്രതിനിധികൾ അറിയിച്ചു. ബ്രിട്ടീഷ് യൂണിവേഴ്സിറ്റിയുമായുള്ള ധാരണ പത്രം ഒപ്പിടൽ ചടങ്ങിൽ സദാദ് ബോർഡ് മെമ്പർ ഡോ. മുഹമ്മദ് രിഫാത് അൽ കാഷിഫ്, ബ്രിട്ടീഷ് യൂണിവേഴ്സിറ്റി വൈസ് പ്രസിഡന്റ് പ്രൊ. കെയ്ത് ഷാർപ്, സദാദ് ബഹ്‌റൈന്റെ വിവിധ മേഖലകളിലെ പ്രതിനിധികളായ ഖുറാം സൽമാൻ, നോയൽ സിൽവേര, അബിൻ ജോർജി തുടങ്ങിയവരും പങ്കെടുത്തു.